Skip to main content

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കേണ്ടത് നിയമപരം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന മുഖേന നടത്തുന്ന അജൈവ മാലിന്യശേഖരണത്തിന് യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

 

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ല എന്നതരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചരണം നടത്തി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

 

ഭാരതസര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാധ്യസ്ഥരാണ്. ഈ ബൈലോ പ്രകാരം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയോഗിച്ചിട്ടുള്ള ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറേണ്ടതും നിശ്ചയിച്ചിട്ടുള്ള യൂസര്‍ ഫീ നല്‍കേണ്ടതുമാണ്.

 

കേരള സര്‍ക്കാരിന്റെ 12.08.2020 തീയതിയിലെ ജിഒ(ആര്‍ടി) നമ്പര്‍1496/2020 എല്‍എസ്ജിഡി ഉത്തരവില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനമാര്‍ഗരേഖ അംഗീകരിച്ചിട്ടുള്ളതും, ഇതില്‍ ഹരിത കര്‍മ്മ സേന നല്‍കുന്ന സേവനങ്ങള്‍ക്കൊപ്പം അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുണഫലങ്ങള്‍ക്കുള്ള പാരിതോഷികം കൂടിയായി വേണം യൂസര്‍ഫിയെ കാണേണ്ടതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. വീടുകളില്‍ നിന്നുള്ള അജൈവമാലിന്യ ശേഖരണത്തിന് കുറഞ്ഞത് ഗ്രാമപ്രദേശങ്ങളില്‍ 50 രൂപയും നഗരപ്രദേശങ്ങളില്‍ 70 രൂപയും കടകളില്‍ നിന്നും 100 രൂപയുമായി മേല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ളതാണ്.

 

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കത്തിക്കുന്നതും ശിക്ഷാര്‍ഹമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യൂസര്‍ ഫീ നല്‍കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാതെ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കും എതിരെ 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ബൈലോ പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.

 

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കുന്നതിനെതിരായി വ്യാജ പ്രചരണം നടത്തി തദ്ദേശഭരണ സ്ഥാപനങ്ങളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുവാനുള്ള ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

date