Skip to main content

തവനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കം

തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 'ട്വിംഗിള്‍ ദി എഡു ബിനാലെ' എന്ന പേരില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിന് തുടക്കമായി. പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തനതു പരിശീലന പരിപാടികളും വിജ്ഞാനപ്രദമായ പ്രദര്‍ശനങ്ങളും ഒരുക്കുക, തവനൂരിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളും ശക്തിപ്പെടുത്തുക,കുട്ടികള്‍ക്ക് വിജ്ഞാനത്തിനും വിനോദത്തിനും മികച്ച അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യങ്ങളാടെയാണ്  പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചു ദിവസങ്ങളിലായി  തവനൂര്‍ പാപിനിക്കാവ് മൈതാനം, കെ.എം.ജി.വി.എച്ച്.എസ്.എസ് മൈതാനം എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസ മഹോത്സവം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന  പത്തു സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നത്.
പ്രദര്‍ശന പരിശീലന പരിപാടികളുടെ അനുബന്ധമായി വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലയേയും സ്പര്‍ശിക്കുന്ന പരിശീലനങ്ങള്‍, ശില്പശാലകള്‍, പ്രദര്‍ശനങ്ങള്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കലാകായിക മത്സരങ്ങള്‍ എന്നിവയും മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളുടെ  ഉള്‍പ്പടെ അന്‍പതോളം സ്റ്റാളുകളും  പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ജനുവരി 8 വരെ നീണ്ടു നില്‍ക്കുന്ന  വിദ്യാഭ്യാസ മഹോത്സവത്തിന്റെ സമാപന സമ്മേളനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

date