Skip to main content

ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന പ്രചരണം വ്യാജം; ഫീല്‍ഡ്തല ക്യാമ്പയിനുമായി കുടുംബശ്രീ

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം വ്യാജം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജപ്രചരണങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് ആവശ്യപ്പെട്ടു. ഒരു വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ യൂസര്‍ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. പ്രസ്തുത വിവരാവകാശരേഖയില്‍ യൂസര്‍ ഫീ നല്‍കേണ്ടതില്ല എന്ന് പറയുന്നില്ല. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു പ്രത്യേക ഉത്തരവ് നിലവിലില്ലെന്ന് മാത്രമാണ് ഇതില്‍ പറയുന്നുത്. എന്നാല്‍ അത്തരം ഒരു വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തുകളോടും നഗരസഭകളോടും നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ട പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ഫീ നല്‍കാന്‍ ഉടമസ്ഥര്‍ ബാധ്യസ്ഥരാണ്. ഹരിത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെയും, യൂസര്‍ ഫീ നല്‍കാത്തവര്‍ക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും, കത്തിക്കുന്നവര്‍ക്കെതിരെയും പതിനായിരം രൂപ മുതല്‍ 50,000 രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
യൂസര്‍ ഫീ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്ന വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി ജനങ്ങളിലെത്തിക്കാന്‍ മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ഹരിതകര്‍മസേനയോടൊപ്പം ഫീല്‍ഡ്തല ബോധവത്കരണം പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു.   കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മലപ്പുറം നഗരസഭയിലെ ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ വീടുകളില്‍ കയറി വ്യാജ വാര്‍ത്തകളുടെ വിശദാംശങ്ങള്‍ വീട്ടുകാര്‍ക്ക് വിശദമാക്കിയാണ് മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍ക്കൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് ഫീല്‍ഡ് ക്യാമ്പയിന്‍ നടത്തും. ഇതിനായി പഞ്ചായത്ത് , നഗരസഭാ തലങ്ങളില്‍ കുടുംബശ്രീ സി.ഡി എസുകള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്തുകളില്‍ ജനപ്രതിനിധികളെയും സാമൂഹിക പ്രവര്‍ത്തകരെയും കാമ്പയിനിന്റെ ഭാഗമാക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
മലപ്പുറം മുനിസിപ്പലിറ്റിയിലെ വാര്‍ഡ് 18 ല്‍ ഗൃഹമാലിന്യം ശേഖരിച്ച് ക്യാമ്പയിന് തുടക്കമായി. മലപ്പുറം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.ടി ജുമൈല, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി ജിജു, സിറ്റി മിഷന്‍ മാനേജര്‍ പി.കെ സുനില്‍, ബ്ലോക്ക് കോ ഓര്‍ഡിനന്റര്‍ കെ.സജ്‌ന , സി.ഡി. എസ് മെമ്പര്‍കെ.ഷീന, കമ്മ്യൂണിറ്റി കൗന്‍സിലര്‍ ഒ.കെ നൗഷിത, പ്രഭവതി മാധവന്‍ മലപ്പുറം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date