Skip to main content

എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മാണ പദ്ധതിക്കായി വിശദ പദ്ധതി രേഖ സമര്‍പ്പിച്ചു

 

കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന്റെ വികസന പദ്ധതിയുടെ ഭാഗമായി തയാറാക്കിയ വിശദ പദ്ധതി രേഖ സര്‍ക്കാരിന്റെ നിര്‍മാണ അനുമതിക്കായി സമര്‍പ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസന മുന്നേറ്റത്തിന്റെ ഭാഗമായി 50 ബെഡ്ഡുകളോട് കൂടിയ 4250 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്നു നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുക. വാപ്‌കോസിനാണ് നിര്‍മാണ ചുമതല. പദ്ധതിക്കായി 23.75 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക. 16.63 കോടി രൂപ നിര്‍മ്മാണത്തിനും 7.12 കോടി രൂപ ഉപകരണങ്ങള്‍ക്കുമാണ് വകയിരുത്തിയിട്ടുള്ളത്.

ട്രയാജ് ഉള്‍പ്പടെയുള്ള അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ഹൈ ഡിപെന്‍ന്റന്‍സിവ്  യൂണിറ്റ്, ഐസൊലേഷന്‍ വാര്‍ഡ്, ഡയാലിസിസ് സൗകര്യം,  രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍, രണ്ട്  ലേബര്‍ റൂം, ലാബറട്ടറി, എക്‌സറേ, സ്‌കാനിംഗ് കേന്ദ്രം എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും.

എറണാകുളം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഈ പദ്ധതി, മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ പുതിയ കാല്‍വെയ്പ്പ് കൂടിയാണെന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍ അറിയിച്ചു.
 

date