Skip to main content

ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന അറിയപ്പെടാത്ത ഗ്രാമീണ ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം ചിത്രശാലക്ക് ചൊവ്വാഴ്ച മുതൽ

 എറണാകുളം ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന ഗ്രാമീണ ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം ചിത്രശാലക്ക് ചൊവ്വാഴ്ച (ജനുവരി 18)തുടക്കമാവും. ഫോര്‍ട്ട് കൊച്ചി വെളിയില്‍ പള്ളത്ത് രാമന്‍ സ്മാരകഹാളില്‍ വൈകിട്ട് നാലിന് കെ.ജെ.മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോസ് കൃഷ്ണമാചാരി മുഖ്യ പ്രഭാക്ഷണം നടത്തും. പ്രശസ്ത സിനിമ സീരിയല്‍ താരങ്ങള്‍ അതിഥികളായി പങ്കെടുക്കും. ചിത്രപ്രദര്‍ശനം 16ന് സമാപിക്കും.

കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റനീഷ് , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണിക്കുട്ടി ജോര്‍ജ്ജ്, ആശ സനില്‍, എം.ജെ.ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനിജോര്‍ജ്, എ.എസ്.അനില്‍കുമാര്‍, ശാരദ മോഹന്‍, മനോജ് മൂത്തേടന്‍, കൊച്ചിന്‍ കോര്‍പറേഷന്‍ ഡിവിഷന്‍ മെമ്പര്‍ അഡ്വ. പ്രീയ പ്രസാദ്, വിഷ്ണു, ടി.എസ്. (ആര്‍ട്ട് ബക്കറ്റ് ഇന്‍ ) എന്നിവര്‍ സംസാരിക്കും. ക്ഷേമകാര്യ ഉപസമിതി ചെയര്‍മാന്‍ ഡോണാ മാസ്റ്റര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി (ഇന്‍ചാര്‍ജ്്ജ്) ജോബി തോമസ് നന്ദിയും പറയും. 

പദ്ധതിയില്‍ എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസക്കാരായ 15 വയസിനു മേല്‍ പ്രായമുളള വനിതകളുടെ ചിത്രങ്ങളാണ് ചിത്രശാലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി/എസ്.ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാരുടെ ചിത്രങ്ങളാണ് ചിത്രശാലയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

date