Skip to main content

മാലിന്യ സംസ്ക്കരണത്തിൽ   മികച്ച പ്രവർത്തനങ്ങളുമായി  ആവോലി  പഞ്ചായത്ത്

 

* നീക്കം ചെയ്തത് 4546 കിലോ മാലിന്യം

മാലിന്യ സംസ്ക്കരണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി  ആവോലി ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വർഷം 4546 കിലോ മാലിന്യങ്ങളാണ് പഞ്ചായത്തിൽ നിന്നും ഹരിത കർമ്മ സേനയുടെ  നേതൃത്വത്തിൽ നീക്കം ചെയ്തത്.

പഞ്ചായത്തിന് കീഴിലെ 14 വാർഡുകളിൽ നിന്നായി ശേഖരിച്ച മാലിന്യങ്ങൾ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (മിനി എം.സി.എഫ്) എത്തിക്കുന്നു.  ഇതിനായി വിവിധ വാർഡുകളിൽ 10 എം.സി.എഫുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് പഞ്ചായത്ത് പരിധിയിലെ നടുക്കരയിൽ പ്രവർത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (എം.സി.എഫ്) എത്തിക്കും. ഈ മാലിന്യങ്ങൾ സംസ്ക്കരണത്തിനായി ക്ലീൻ കേരള കമ്പനിയിലേക്ക് അയക്കും. 31 ഹരിത കർമ്മ സേനാ പ്രവർത്തകരാണ് പഞ്ചായത്തിലെ മാലിന്യ നിർമാർജനത്തിന് ചുക്കാൻ പിടിക്കുന്നത്. 

പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്ക്കരണം സുതാര്യമാക്കുന്നതിനായി കെൽട്രോണുമായി സഹകരിച്ച് ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷന്റെ എൻറോൾമെന്റ് നടപടികളും പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്.

ഹരിത കര്‍മസേനയെ കൂടുതല്‍ സജീവമാക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കായിട്ടുണ്ട്. അവര്‍ക്ക് യൂണിഫോം, ബാഡ്ജ്, കൈയ്യുറകള്‍ എന്നിവ വിതരണം ചെയ്തു. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും എത്തിച്ചു. കൂടാതെ ഹരിത കർമ്മ സേനയ്ക്കായി ഇലക്ട്രോണിക് വാഹനവും നൽകിയി. മാലിന്യ സംസ്ക്കരണത്തിൽ 100 ശതമാനം  വിജയമാണ്  ലക്ഷ്യമിടുന്നത്. ഇതിനായി പഞ്ചായത്ത് ഭരണ സമിതിയുടെ സഹകരണത്തോടെ ദ്രുതഗതിയിലുള്ള  പ്രവർത്തനങ്ങളാണ്  നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ് പറഞ്ഞു. 

ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നതിനായി ബയോ ബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്.

date