Skip to main content
വിമുക്തി മിഷൻ ജില്ലാ തല യോഗത്തിൽ ജില്ലാ കളക്ടർ ഡോ. രേണുരാജ് സംസാരിക്കുന്നു.

ലഹരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ഒരുങ്ങി ജില്ല, ജില്ലാതല വിമുക്തി മിഷൻ യോഗം ചേർന്നു

 

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ലഹരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താൻ എറണാകുളം ജില്ലാതല വിമുക്തി മിഷൻ യോഗത്തിൽ തീരുമാനം. ജനുവരി 26 വരെ ജില്ലയിൽ വിപുലമായ ലഹരി മുക്ത പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ലഹരിമുക്ത പ്രവർത്തനങ്ങൾ ദീർഘ കാലത്തേക്ക് തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകൾ സംയുക്തമായി  ലഹരി മുക്ത പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സ്കൂൾ, കോളേജ് തലങ്ങളിൽ ദീർഘ കാലത്തേക്കുള്ള പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കും.

വിവിധ ഭാഗങ്ങളിൽ നിന്ന് ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ജില്ലയിലെത്തുന്നവർക്കിടയിൽ ലഹരി കൈമാറ്റം തടയുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് പറഞ്ഞു. വീടുകളിൽ തുറന്നു സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. അതിഥി തൊഴിലാളികൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. ലഹരിമുക്ത സന്ദേശങ്ങൾ താഴെ തട്ടിലേക്ക് എത്തിക്കുന്നതിൽ വിമുക്തി മിഷൻ നടത്തുന്ന ഇടപെടൽ വലുതാണെന്നും കളക്ടർ പറഞ്ഞു.

 ഗോൾ ചലഞ്ച്, സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ, ജാഗ്രത സദസുകൾ എന്നിവ ജില്ലയിൽ സംഘടിപ്പിക്കും. കോച്ചിംഗ് സെന്ററുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി മുക്ത പ്രവർത്തനങ്ങൾ നടത്തും. അടുത്ത അധ്യായന വർഷം നടപ്പാക്കേണ്ട പദ്ധതികൾ ആവിഷ്കരിക്കാനും സ്കൂളുകൾക്ക് നിർദേശം നൽകും. പൊതു സ്ഥലങ്ങളിൽ ലഹരി മുക്ത ഇടം ബോർഡുകൾ സ്ഥാപിക്കാനും നിർദേശിക്കും. തീരദേശ മേഖലകൾ, കോളനികൾ എന്നിവ കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിശദമായ പദ്ധതികൾ ആലോചിക്കുന്നതിനായി താലൂക്ക് തലത്തിൽ വിമുക്തി യോഗം ചേരും.

യോഗത്തിൽ  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി.കെ. ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ. ജയചന്ദ്രൻ, വിമുക്തി കോ ഓഡിനേറ്റർ ബിബിൻ ജോർജ്, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date