Skip to main content

ചിത്രമെഴുതി ചരിത്രം രചിച്ചു ജില്ലയിലെ ചിത്രകാരികൾ, അറിയപ്പെടാത്ത ചിത്രകാരികളുടെ ചിത്രപ്രദർശനത്തിന് തുടക്കമായി

 

വരകളിലൂടെ സ്വപ്നം കണ്ടിരുന്ന 30  വനിതകൾ... പല കാരണങ്ങളാൽ ചിത്രങ്ങളുടെ ലോകത്തിൽ നിന്നും പിന്തിരിഞ്ഞു നടന്നിട്ടും വർണക്കൂട്ടുകൾ ഉള്ളിൽ കരുതിയ വനിതകൾ... ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന അറിയപ്പെടാത്ത ഗ്രാമീണ ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം 'ചിത്രശാല'ക്ക് ഫോര്‍ട്ട് കൊച്ചി പള്ളത്ത് രാമൻ മെമ്മോറിയൽ സ്മാരക ഹാളിൽ തുടക്കമാവുമ്പോൾ അവരുടെ സ്വപ്നങ്ങൾക്ക് കൂടിയാണ് നിറങ്ങൾ ലഭിച്ചത്.

 കെ.ജെ.മാക്‌സി എം.എല്‍.എ. 'ചിത്രശാല' ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. അറിയപ്പെടാത്ത ചിത്രകാരികളുടെ 200  ചിത്രങ്ങൾ ആണ് പ്രദർശനത്തിന്റെ ഭാഗമാവുന്നത്. ജനുവരി 16 വരെയാണ് പ്രദർശനം നടക്കുന്നത്. എസ്. സി, എസ്. ടി, ഭിന്നശേഷിക്കാർ, വിധവകൾ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ രചനകൾക്ക് പ്രാധാന്യം നൽകിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോസ് കൃഷ്ണമാചാരി, കൊച്ചി നഗരസഭാ ക്ഷേമ കാര്യ കമ്മിറ്റി അധ്യക്ഷ ഷീബാ ലാൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോര്‍ജ്, ശാരദാ മോഹന്‍, മനോജ് മൂത്തേടന്‍, ലിസി അലക്സ്‌, ദീപു കുഞ്ഞുകുട്ടി, എൽസി ജോർജ്, ഷോമി വർഗീസ്, സനിതാ റഹീം, അനുമോൾ, ആർട്ട്‌ ബക്കറ്റ്. ഇൻ പ്രതിനിധി ടി. എസ് വിഷ്ണു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി (ഇന്‍ചാര്‍ജ്ജ്) ജോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.

date