Skip to main content

'സ്‌നേഹധാര': രക്തദാനത്തിന് സന്നദ്ധസേനയൊരുക്കാന്‍ മലയിന്‍കീഴ് പഞ്ചായത്ത്

ആരോഗ്യസേവന മേഖലയില്‍ ഒരു ജനകീയ പദ്ധതി കൂടി യാഥാര്‍ത്ഥ്യമാക്കുകയാണ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. രക്തദാനത്തിന് സന്നദ്ധരായവരെ അംഗങ്ങളാക്കുന്ന 'സ്‌നേഹധാര' പദ്ധതിക്ക് പഞ്ചായത്തില്‍ തുടക്കമായി. 2000 പേര്‍ ഉള്‍പ്പെടുന്ന രക്തദാന ഡയറക്ടറിയുടെ രൂപീകരണം ആരംഭിച്ചു.

പതിനയ്യായിരത്തോളം യുവതീ യുവാക്കളാണ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നത്. ഇവരില്‍ നിന്നും രക്തദാനത്തിന് സന്നദ്ധരായവരുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടിക തയ്യാറാക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വീടുകള്‍ സന്ദര്‍ശിച്ച് രക്തദാനത്തിന് തയ്യാറായവരുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന്  ഡയറക്ടറി രൂപീകരിക്കും. ജില്ലയില്‍ എവിടെയും ആവശ്യമായ സാഹചര്യങ്ങളില്‍ രക്തദാതാക്കളുടെ സേവനം പദ്ധതിയിലൂടെ ലഭ്യമാക്കുകയും ചെയ്യും.  

മലയിന്‍കീഴ് താലൂക്ക്  ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവരശേഖരണത്തിനു ശേഷം അംഗങ്ങള്‍ക്കായി രക്ത ഗ്രൂപ്പ് നിര്‍ണയ മെഡിക്കല്‍ ക്യാമ്പും പഞ്ചായത്തില്‍ സംഘടിപ്പിക്കും. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടുന്നതിനായി പഞ്ചായത്ത് തലത്തില്‍ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈനും സജ്ജമാക്കും. 900 പേരുടെ രജിസ്‌ട്രേഷന്‍ ഇതിനോടകം പൂര്‍ത്തിയായി. കൂടുതല്‍ പേരെ പദ്ധതിയില്‍ പങ്കാളികളാക്കി പട്ടിക വിപുലീകരിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.

date