Skip to main content

ഡിജിറ്റൽ റീസർവേ:  വാളകം വില്ലേജിൽ തുടക്കമായി

 

ഭൂ രേഖകൾക്ക് കൃത്യത ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റൽ റീസർവേയ്ക്ക് വാളകം വില്ലേജിൽ തുടക്കമായി. നാലുവർഷം കൊണ്ട് കേരളം പൂർണമായും ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വില്ലേജിൽ ഡിജിറ്റൽ റീസർവേ ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനോ കെ. ചെറിയാൻ നിർവഹിച്ചു.

ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഡ്രോൺ സാങ്കേതിക വിദ്യയാണ് വാളകം വില്ലേജിൽ ഉപയോഗിക്കുന്നത്. വാളകം വില്ലേജിൽ  പെരുവുമ്മുഴി തോട് കഴിയുന്നത് മുതൽ വാളകം പഞ്ചായത്ത് ഓഫീസ് വരെ ദേശീയപാതയുടെ ഇരുവശത്തുമായി വരുന്ന  സർവേ നമ്പറുകൾ ഉൾപ്പെട്ട  പ്രദേശത്താണ് ഡ്രോൺ സർവേ നടത്തുന്നത്.

സർവ്വേ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ ഏകജാലക ഓൺലൈൻ സംവിധാനത്തിലൂടെ, കാലഘട്ടത്തിനനുസൃതമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിച്ചിരിക്കുന്നത്. ഇനിയൊരു റീസർവെ ആവശ്യമില്ലാത്ത വിധം സർവേ റിക്കാർഡുകൾ കാലഹരണപ്പെടാതെ  പരിപാലിക്കാൻ സാധിക്കുമെന്നതും, ഭൂരേഖകൾ എല്ലാം പൂർണ്ണമായും ഐ.ടി അധിഷ്ഠിത സേവനമാക്കുക എന്നീ നേട്ടങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് വിവിധ വില്ലേജുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. 

സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ സുനിൽ, സർവ്വേ സൂപ്രണ്ടന്റ് ടി.എൻ മധു, ഹെഡ് സർവേയർ ബി. ബിന്ദു , വില്ലേജ് ഓഫീസർ എസ്. തസ്ബി, പഞ്ചായത്ത് മെമ്പർമാരായ കെ.പി എബ്രഹാം പി.പി മത്തായി എന്നിവർ നേതൃത്വം നൽകി.

date