Skip to main content
ഫോട്ടോ: നന്ദിയോട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു.

വിദ്യാഭ്യാസ പുരോഗതിക്ക് ചിറ്റൂരില്‍ 100 കോടി ചെലവഴിച്ചു: മന്ത്രി കെ. കൃഷ്ണന്‍കുട്ടി നന്ദിയോട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ പുരോഗതിക്കായി ചിറ്റൂര്‍ മണ്ഡലത്തില്‍ 100 കോടി രൂപ ചെലവഴിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കഴിവ് ഉണ്ടെങ്കില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നതിന് പ്രായം തടസമല്ല. വിദ്യാഭ്യാസത്തിലൂടെ പ്രതിഭകള്‍ ഉയര്‍ന്നുവരണമെങ്കില്‍ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ച് വളരണം. കുട്ടികളില്‍ ആ ശീലം ഉണ്ടാക്കാനാണ് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നുള്ള 70 ലക്ഷം വിനിയോഗിച്ച് നന്ദിയോട് ഗവ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 50 കോടി രൂപ ഉന്നത വിദ്യാഭ്യാസത്തിനും നന്ദിയോട് ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് ആറ് ലക്ഷവും ലൈബ്രറിക്ക് 25,000 രൂപയും നല്‍കി. കൂടാതെ കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും നല്‍കിയെന്നും മന്ത്രി പറഞ്ഞു. വീടുകളില്‍ വൈദ്യുതി സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് എത്തിച്ചു നല്‍കും. ചിറ്റൂര്‍ ഗവ സ്‌കൂളുകളിലെ കുട്ടികളുടെ ആരോഗ്യ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് ജനപ്രതിനിധികള്‍ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തണം. പോഷകക്കുറവുള്ള കുട്ടികള്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പഠനനിലവാരം കുറഞ്ഞ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂരിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതി വിദ്യാകിരണത്തിലൂടെ ചിറ്റൂര്‍ സ്‌കൂളുകളുടെ വിജയശതമാനം 99.6 ശതമാനമായി ഉയര്‍ന്നു. പദ്ധതിയുടെ വിജയത്തിന് അധ്യാപകര്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മധു, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, സ്‌കൂള്‍ പ്രധാനധ്യാപിക സ്വപ്നകുമാരി, പി.ടി.എ പ്രസിഡന്റ് ടി.വി.ആര്‍ രതീഷ്, എം.പി.ടി.എ പ്രസിഡന്റ് ഗിരിജാ മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date