Skip to main content

സൗജന്യ കലാപരിശീലനവുമായി  വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

കലയോട് അഭിനിവേശമുണ്ടായിട്ടും പല കാരണങ്ങൾ കൊണ്ടും പരിശീലനം നേടാൻ കഴിയാതെ വന്നവർക്ക് സുവർണാവസരവുമായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്. സംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ രണ്ട് വർഷം നീളുന്ന സൗജന്യ പരിശീലനത്തിനാണ് അവസരം ഒരുക്കുന്നത്.
 

മോഹിനിയാട്ടത്തിലും, മുടിയേറ്റിലും കഴിഞ്ഞ വർഷം മുതൽ പരിശീലനം ആരംഭിച്ചിരുന്നതാണ്. ഈ വർഷം ചിത്രകല, ചുവർചിത്രകല,  നവമാധ്യമം  എന്നിവയിൽ കൂടി പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിന് അർഹരായ  ആർ.എൽ.വി ശ്രീകല എൻ.എസ്, വി.ജി ഉണ്ണികൃഷ്ണൻ, സുജിത്ത് നവം, നവപ്രീത് സലീം, മെൽവിൻ വിശാഖ് എൽദോ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് ഇവർക്ക്  ഓണറേറിയം നൽകുന്നത്.

പ്രായപരിധി ഇല്ലാത്തതിനാൽ ആർക്കും പഠിക്കാവുന്ന തരത്തിൽ പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയാണ് പരിശീലനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ ഓഫീസുകളാണ് ഇതിനായി ഉപയോഗിക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബ്ലോക്ക് പഞ്ചായത്തുമായോ അധ്യാപകരുമായോ ബന്ധപ്പെടേണ്ടതാണ്. മോഹിനിയാട്ടം - 9961747558, മുടിയേറ്റ് - 9847489164, ചിത്രകല  - 9495960369, ചുവർചിത്രകല  - 9526982728, നവമാധ്യമം  - 9847509189

നാടിന്റെ സാംസ്കാരിക ഉന്നതി പരിപോഷിപ്പിക്കുക, പ്രായഭേദമന്യേ കുട്ടികളിലും യുവജനങ്ങളിലും മുതിർന്നവരിലും  കലയോടുള്ള ആഭിമുഖ്യം വളർത്തുക, കലാ വിഷയങ്ങളിൽ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

date