Skip to main content

അങ്കമാലിയിൽ പാലിയേറ്റീവ് രോഗികൾക്കായി വിനോദയാത്ര

പാലിയേറ്റീവ് രോഗികൾക്ക് വിനോദയാത്ര ഒരുക്കി സാന്ത്വന പരിചരണത്തിൽ മാതൃകയാവുകയാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സെക്കൻഡറി പാലിയേറ്റീവ് വിഭാഗം. മാരക രോഗങ്ങൾ മൂലം തീരാവേദനയിൽ മരുന്നും ഗുളികകളുമായി വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ ജീവിതം തള്ളി നീക്കുന്നവരാണ് പാലിയേറ്റീവ് രോഗികൾ. ഇവർക്ക് മാനസിക ഉല്ലാസം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.

  കുഴുപ്പിള്ളി ബീച്ചിലേക്ക് സംഘടിപ്പിച്ച വിനോദ യാത്രയിൽ അർബുദ രോഗികളും ഡയാലിസിസിന് നിരന്തരം വിധേയമാകുന്നവരും അൽഷിമേഴ്സ് ബാധിച്ചവരും സ്ട്രോക്ക് വന്ന് തളർച്ച വന്നവരും അടക്കം 35 രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പങ്കെടുത്തു. കെ.എസ്.ആർ.ടി.സി.യുടെ ലോ ഫ്ലോർ ബസിലായിരുന്നു യാത്ര. ബ്ലോക്ക് പരിധിയിലെ തുറവൂർ, മഞ്ഞപ്ര, മലയാറ്റൂർ, കാഞ്ഞൂർ, കാലടി  പഞ്ചായത്തുകളിലെ രോഗികളാണ് യാത്രയിൽ പങ്കെടുത്തത്.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടിയും മെഡിക്കൽ ഓഫീസർ ഡോ.നസീമ നജീബും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.  അടിയന്തിര വൈദ്യസഹായത്തിന്  സൗകര്യമൊരുക്കി പാലിയേറ്റീവ് ആംബുലൻസും വിനോദയാത്ര സംഘത്തെ അനുഗമിച്ചു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സരിത സുനിൽ ചാലാക്ക, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിജി ജോയ്, അംഗങ്ങളായ സിജോ ചൊവ്വരാൻ, കൊച്ചുത്രേസ്യ തങ്കച്ചൻ , കെ.വി അഭിജിത്ത് എന്നിവരും രോഗികളോടൊപ്പം വിനോദയാത്രയിൽ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. നസീമ നജീബ്, ഡോ. അമീറ, ഹെൽത്ത് സൂപ്രണ്ട് പി.ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, ഡോ.സജീവ്,  നേഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന വൈദ്യസഹായ സംഘമാണ് യാത്രയെ അനുഗമിച്ചത്.

date