Skip to main content
ഫോട്ടോ : 'ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും''-ഡിജിറ്റല്‍ വാഹന പ്രദര്‍ശനത്തിന്റെ ഫ്ലാഗ് ഓഫ് വൈദ്യുതി വകുപ്പ് മന്ത്രി  കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു

 സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൂടി   ജനങ്ങളിലേക്ക് കൃത്യമായി എത്തണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി.

 

സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൂടി   ജനങ്ങളിലേക്ക് കൃത്യമായി എത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.  വണ്ടിത്താവളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന'ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും''-ഡിജിറ്റല്‍ വാഹന പ്രദര്‍ശനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും ജനങ്ങള്‍ മറ്റുള്ളവര്‍ക്ക്  ഉപകാരപ്രദമാകുന്ന രീതിയില്‍ ഇത്തരം വിവരങ്ങള്‍ പരസ്പരം കൈമാറണമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ പത്ത് ദിവസം നീളുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനവും അവതരണവുമാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മറ്റു സംസ്ഥാനങ്ങളെക്കാള്‍ ള്‍ എട്ട് രൂപ 40 പൈസ അധികമായി കര്‍ഷകര്‍ക്ക് കൊടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ധനസഹായ പദ്ധതികളെക്കുറിച്ചും കോവിഡ് കാലത്തെ കിറ്റ് വിതരണത്തെ സംബന്ധിച്ചും മന്ത്രി സംസാരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, വിള ഇന്‍ഷുറന്‍സ്, ഞങ്ങളും കൃഷിയിലേക്ക്, ഗോവര്‍ധിനി, ബഡ്‌സ് സ്‌നേഹഭവനം, എന്നിങ്ങനെയുളള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ലഹരിക്കടിമപ്പെടല്‍, മെന്‍സ്ട്രല്‍ കപ്പ്   തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുളള ബോധവത്ക്കരണവും ഉള്‍ക്കൊള്ളിച്ചുളള നൂറോളം മൂവിങ് പോസ്റ്ററുകളുടെയും ലഘു വീഡിയോകളുടെയും പ്രദര്‍ശനമാണ് നടക്കുന്നത്.
വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും ശിശു സംരക്ഷണത്തിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിനായുള്ള പോസ്റ്ററുകളുടെ പ്രദര്‍ശനവും ഇതോടൊപ്പമുണ്ട്.രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെ  മണ്ഡലാടിസ്ഥാനത്തില്‍ അന്‍പതോളം കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം നടക്കുക.പ്രദര്‍ശനം 29 വരെ തുടരും.

18 വയസ്സിന്  മുകളിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ ആണോ നിങ്ങള്‍? ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി രാജേഷ് കലാഭവനും നവീന്‍ പാലക്കാടും

18 വയസ്സിന്  മുകളിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ ആണോ നിങ്ങള്‍ ചോദ്യങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ട് ഇറങ്ങിയാണ് രാജേഷ് കലാഭവന്റെയും നവീന്‍ പാലക്കാടിന്റെയും നേതൃത്വത്തില്‍  ആര്‍.എന്‍ ആര്‍ട്‌സ് ഹബ്ബ് കലാസംഘം ശൈശവ  വിവാഹത്തെ കുറിച്ചു  ബോധവല്‍ക്കരണം നടത്തിയത് . കര്‍ഷകര്‍ക്കായുള്ള വിള  ഇന്‍ഷുറന്‍സ്  പദ്ധതിയെ കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കി.മണ്ണിന്റെ മണമുള്ള പാട്ടും,വര്‍ത്തമാനങ്ങളു മായി കലാവതരണത്തിലൂടെ സമൂഹത്തിലേക്ക് പി.ആര്‍.ഡി യുടെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും വികസന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട  ആശയങ്ങള്‍ എത്തിക്കുകയാണ് രാജേഷ് കലാഭവനും നവീന്‍ പാലക്കാടും.
ചിറ്റൂര്‍ അണിക്കോട്, മീനാക്ഷിപുരം, വണ്ടിത്താവളം, കൊഴിഞ്ഞാമ്പാറ, മേനോന്‍പാറ എന്നിവിടങ്ങളിലാണ് വാഹന പര്യടനം നടത്തിയത്. പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആര്‍. പ്രഭുലദാസ്, ഉദ്യോഗസ്ഥര്‍, അങ്കണവാടി  ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

'ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും''-ഡിജിറ്റല്‍ വാഹന പര്യടനം ഇന്ന് ( ജനുവരി 21)

വാളയാര്‍- രാവിലെ 9.30

പുതുശ്ശേരി- രാവിലെ 11.15

സിവില്‍ സ്റ്റേഷന്‍- ഉച്ചയ്ക്ക് 1.15

സ്റ്റേഡിയം/കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്- വൈകിട്ട് 3.15

കല്ലേപ്പുള്ളി- വൈകിട്ട് 5.00

ഒലവക്കോട്- വൈകിട്ട് 6.30

 

date