Skip to main content

വയോജന പ്രശ്നങ്ങൾ സമൂഹത്തിന് മുൻപാകെ ചർച്ചയ്ക്ക് വിധേയമാക്കണം: അഡ്വ.പി സതീദേവി

 

വയോജനങ്ങളുടെ പ്രശ്നങ്ങൾ സമൂഹത്തിന് മുൻപാകെ ചർച്ചയ്ക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി സതീദേവി. വയോജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനായി ഗൗരവമായി ഇടപെടലുകൾ വേണമെന്നും ചെയര്‍പേഴ്‌സണ്‍ ഓർമ്മിപ്പിച്ചു. വയോജനങ്ങളായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള വനിതാ കമ്മിഷന്‍, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, വനിതാ വിംഗ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീ സൗഹൃദമായ ഒരു മനോഭാവം  വളർത്തിയെടുക്കാൻ സമൂഹത്തിന്റെ പൊതുബോധ നിർമ്മിതിയിൽ ആവശ്യമായ ഇടപെടൽ നടത്തേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങളാണ് വനിതാ കമ്മീഷൻ നടത്തുന്നത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 
"ഉണർവ്" എന്ന പേരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കൗമാരപ്രായക്കാരുടെ സ്വഭാവ രൂപീകരണത്തിൽ  ഇടപെടാനാകുന്ന തരത്തിൽ  "കൗമാരം കരുത്താക്കൂ"എന്ന പേരിൽ മറ്റൊരു ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്  സ്ത്രീകളെ കുറിച്ച് കൃത്യമായ സാമൂഹ്യ ധാരണ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പൊതു ബോധത്തിൽ കാലാകാലങ്ങളായി പുലർത്തുന്ന സമീപനങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. 

സ്ത്രീകളുടെ സാമൂഹ്യപദവി മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ ആരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്നും ചെയർപേഴ്സൺ ഓർമ്മിപ്പിച്ചു. വീടിന്റെ അകത്തളങ്ങൾ ആശയ വിനിമയത്തിനുള്ള വേദിയാക്കി മാറ്റിയെടുക്കേണ്ടതുണ്ട്. പെൺകുട്ടികളെയും ആൺകുട്ടികളെയും സമഭാവനയുടെ അന്തരീക്ഷത്തിൽ വളർത്തിയെടുക്കാനുള്ള സാഹചര്യം കുടുംബങ്ങളിൽ ഉണ്ടാകണമെന്നും അവർ അഭിപ്രായപ്പെട്ടു. 

സ്ത്രീകളുടെ സുരക്ഷയ്ക്കും അവര്‍ക്ക് നിയമപരമായ സംരക്ഷണമൊരുക്കുന്നതിനും വേണ്ടി  പ്രാദേശികതലത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതികളുടെ കാര്യക്ഷമമായ ഇടപെടലുകൾ ആവശ്യമാണ്. പ്രശ്‌നങ്ങള്‍ നേരത്തെ അറിഞ്ഞ് ഇടപെടാനും പരിഹാരം കണ്ടെത്താനും ജാഗ്രതാ സമിതികള്‍ക്ക് സാധിക്കണം. ഇതിന്റെ ഭാഗമായി  മികവാർന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന ജാഗ്രതാ സമിതികൾക്ക് അവാർഡ് നൽകും. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാപഞ്ചായത്ത് തുടങ്ങി നാല് തലങ്ങളിൽ വനിതാ കമ്മീഷൻ ജാഗ്രതാ സമിതികൾക്ക് പുരസ്കാരം നൽകും. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഗ്രാമസഭകളിൽ വരുന്ന പരാതികൾ പെട്ടെന്ന് പരിഹരിക്കാനും ആവശ്യമായ കൗൺസിലിംഗ് ഉറപ്പാക്കാനും  നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പി സതീദേവി പറഞ്ഞു. 

തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന സെമിനാറിൽ വനിതാ കമ്മിഷന്‍ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗങ്ങളായ അഡ്വ.പി കുഞ്ഞായിഷ, വിആർ മഹിളാമണി, അഡ്വ.എലിസബത്ത് മാമന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ്, പ്രൊജക്ട് ഓഫീസര്‍ എന്‍ ദിവ്യ, വനിതാ വിംഗ് പ്രസിഡന്റ് ടി ദേവി, എസ്‌സിഎഫ്ഡബ്ല്യുഎ പ്രസിഡന്റ് വി.എ.എന്‍. നമ്പൂതിരി, ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെആര്‍ വിജയ,
എസ്‌സിഎഫ്ഡബ്ല്യുഎ വനിതാ വിംഗ് സെക്രട്ടറി സി വിജയലക്ഷ്മി,  എസ്‌സിഎഫ്ഡബ്ല്യുഎ വൈസ് പ്രസിഡന്റ് പ്രൊഫ.കെഎ സരള, എസ്‌സിഎഫ്ഡബ്ല്യുഎ സെക്രട്ടറി പി പി ബാലന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ എന്നിവര്‍ പങ്കെടുത്തു.

date