Skip to main content

കുഷ്ഠരോഗ നിർമാർജനം: അശ്വമേധം അഞ്ചാംഘട്ടം ഇന്ന് തുടങ്ങും 

 

കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന  അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ അഞ്ചാംഘട്ടം ജില്ലയിൽ ഇന്ന് (ജനുവരി 18) തുടങ്ങും. ഭവന സന്ദർശനത്തിലൂടെ സമൂഹത്തിൽ കണ്ടുപിടിക്കാതെ ശേഷിക്കുന്ന എല്ലാ കുഷ്ഠരോഗ ബാധിതരേയും കണ്ടുപിടിച്ചു ചികിൽസക്കു വിധേയരാക്കുന്നതിലൂടെ കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അശ്വമേധം പരിപാടിയുടെ ഭാഗമായി ലെപ്രസി കേസ് ഡിറ്റക്ഷൻ ക്യാമ്പയിൻ ജനവരി 18 മുതൽ 31 വരെ രണ്ടാഴ്ച്ചക്കാലമാണ് നടത്തുന്നത്.

ജില്ലയിൽ പരിശീലനം സിദ്ധിച്ച  8740 സന്നദ്ധ പ്രവർത്തകർ,  874 സൂപ്പർവൈസർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ 875570 വീടുകൾ സന്ദർശിച്ച് പരിശോധനകൾ നടത്തും. രണ്ട് വയസ്സിനു മേലേ പ്രായമുള്ള  എല്ലാവരിലും ഇവർ പ്രാഥമിക ചർമ്മ പരിശോധന നടത്തും. ശേഷം സമാന ലക്ഷണമുള്ളവരെ മെഡിക്കൽ ഓഫീസർമാർ പരിശോധിച്ചു രോഗ നിർണ്ണയം നടത്തും. ഇതിലൂടെ രോഗത്തെ പ്രാരംഭത്തിൽ തന്നെ കണ്ടെത്താൻ സാധിക്കും.

 2018 മുതലാണ് കാംപയിൻ ആരംഭിച്ചത്. 2018 ഡിസംബറിൽ നടത്തിയ ആദ്യഘട്ട കാംപയിനിൽ 26 ലെപ്രസി കേസുകളാണ് കണ്ടെത്തിയത്. 2019- 20 വർഷത്തിൽ 14 കേസുകളും 2020-21ൽ 9 കേസുകളും 2021-22ൽ 17 കേസുകളുമാണ് കണ്ടെത്തിയത്.  ജില്ലയിൽ നിലവിൽ 33 പേർ ചികിൽസയിലുണ്ട്. ആരോഗ്യ വകുപ്പിന്റെ  നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ,വനിതാ ശിശു വികസന വകുപ്പ് , നഗരകാര്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് , കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. നിറം മങ്ങിയതോ ഇളം ചുവപ്പ് നിറമുള്ളതോ ആയ  സ്പർശന ശേഷി കുറഞ്ഞ ചൊറിച്ചിൽ ഇല്ലാത്ത പാടുകൾ , തടിപ്പുകൾ , കൈ കാലുകളിലെ തരിപ്പ് മരവിപ്പ് , ബാഹ്യ നാഡികളുടെ തടിപ്പ് എന്നിവയാണ് രോഗത്തിന്റെ ആരംഭ ലക്ഷണങ്ങൾ.സൗജന്യ എം ഡി റ്റി ചികിൽസയിലൂടെ രോഗം പൂർണ്ണമായും സുഖപ്പെടുത്താം .

പരിപാടിയുടെ തൃശൂർ ജില്ലാ തല ഉദ്ഘാടനം ഇന്ന് ( ജനുവരി 18) നാട്ടിക എം എൽ എ സി സി മുകുന്ദൻ  ചാഴൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ദേവയാനി ടീച്ചറുടെ വസതിയിൽ സന്ദർശനം നടത്തി നിർവ്വഹിക്കും.

date