Skip to main content

സുസ്ഥിര തൃത്താല: അവലോകന യോഗം ചേര്‍ന്നു പത്തിന കര്‍മ്മ പരിപാടി പുരോഗതി വിലയിരുത്തി

 

സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സുസ്ഥിര തൃത്താലയുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി തീരുമാനങ്ങള്‍, പത്തിന കര്‍മ്മ പരിപാടി പുരോഗതി വിലയിരുത്തല്‍, പ്രാദേശിക തല കമ്മിറ്റികള്‍ തുടങ്ങിയവ സംബന്ധിച്ച് യോഗത്തില്‍ അവലോകനം ചെയ്തു. പത്തിന കര്‍മ്മ പരിപാടികളുടെ ഭാഗമായി എല്ലാ വാര്‍ഡിലും പ്രത്യേക ഗ്രാമസഭ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുസ്ഥിര വികസന ക്ലബ്ബുകള്‍, കൃത്രിമ ഭൂജല പോഷണവും കിണര്‍ റീചാര്‍ജിങും, ജനകീയ മഴക്കൊയ്ത്ത്, ഒരു ലക്ഷം ഫലവൃക്ഷങ്ങളുടെ നടീല്‍, പഞ്ചായത്തില്‍ ഒരു ചെറുമാതൃക നീര്‍ത്തടം, പഞ്ചായത്തില്‍ ഒരു ജൈവ വാര്‍ഡ്, പച്ചതുരുത്തും കാവുകളുടെ സംരക്ഷണവും, മാലിന്യമുക്ത തൃത്താല, ഹരിത സ്ഥാപനങ്ങളും ഹരിത ഭവനങ്ങളും എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ ജലസ്രോതസുകളെയും മുന്നില്‍ കണ്ട് ഏപ്രില്‍ മാസത്തില്‍ നബാര്‍ഡിന് 100 കോടിയുടെ സമഗ്രവും സമ്പൂര്‍ണവുമായ ഡ്രാഫ്റ്റ് പ്രൊപ്പോസല്‍ കൈമാറുന്നതിന് ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ച് മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. എം.ജി.എന്‍.ആര്‍.ജി.എസുമായി ചേര്‍ന്ന് മാര്‍ച്ചിനകം ഒരു വാര്‍ഡില്‍ ഒരു കുളം എന്ന തരത്തില്‍ 135 കുളങ്ങള്‍ നവീകരിക്കും. ലോകജല ദിനത്തിന് മുന്‍പ് മണ്ഡലത്തിലെ 500 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. സുസ്ഥിര തൃത്താല ജനകീയ മുന്നേറ്റമായി മാറ്റുന്നതിന് ശുചിത്വ സന്ദേശ ജാഥകള്‍, സൈക്കിള്‍ റാലി, ബാല പാര്‍ലമെന്റ്, കര്‍ഷക-വ്യാപാരിസഭ, സുസ്ഥിര അയല്‍ക്കൂട്ട യോഗങ്ങള്‍, തെരുവ് നാടകങ്ങള്‍, വാര്‍ഡ് തല ഗൃഹ സന്ദര്‍ശന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. യോഗത്തില്‍ നവ കേരള കര്‍മ്മ പദ്ധതി- 2 ജില്ലാ കോ-ഓര്‍ഡിനേറ്ററും സുസ്ഥിര തൃത്താല ഏകോപന ഓഫീസറുമായ പി. സൈതലവി, ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍, വിവിധ ജില്ലാതല  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date