Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം 2021: 18 മേഖലകളിലെ തൊഴിലാളികൾക്ക് അപേക്ഷിക്കാം

തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിനായി തിങ്കളാഴ്ച്ച (ജനുവരി 23) മുതൽ അപേക്ഷിക്കാം. പുരസ്കാരവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) പി.ജി വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ  യോഗം ചേർന്നു. 

തൊഴിൽ വകുപ്പ് സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി ആദരിക്കുന്ന പുരസ്കാരമാണിത്. ജനുവരി 23 മുതൽ 30 വരെ www.lc.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ മേഖലയിൽ നിന്നും അവാർഡ് കരസ്ഥമാക്കുന്ന തൊഴിലാളിക്ക് തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും, പ്രശംസ പത്രവും, ഉപഹാരവും സമ്മാനമായി ലഭിക്കും. 

പുരസ്കാര നിർണ്ണയത്തിനായി തൊഴിലാളികളെ വിലയിരുത്തുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയിലൂടെയും ഇന്റർവ്യൂവിലൂടെയുമാണ് ഓരോ മേഖലയിലേയും മികച്ച തൊഴിലാളിയെ കണ്ടെത്തുന്നത്. 

തൊഴിലുടമയുള്ള തൊഴിലാളികളാണെങ്കിൽ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം കൂടി ഓരോ അപേക്ഷകനും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. സ്ഥിരമായി തൊഴിലുടമ ഇല്ലാത്ത മേഖലയിലെ തൊഴിലാളികൾ ആണെങ്കിൽ അതാത് വാർഡ് മെമ്പറോ, കൗൺസിലറോ നൽകുന്ന സാക്ഷ്യപത്രവും അപ് ലോഡ് ചെയ്യണം. 

തൊഴിലാളി സംഘടനാ പ്രതിനിധികളായ എസ്. കൃഷ്ണ മൂർത്തി, വി.കെ അനിൽകുമാർ, പി.കെ കരിം, അജിത് അരവിന്ദ്, എൻ.എസ് ജയകുമാർ, പി.പി അലിയാർ, ഇൻഫർമേഷൻ ടെക്നോളജി മേഖലാ പ്രതിനിധി അനീഷ്, വിവിധ ക്ഷേമ നിധി ബോർഡ്‌ എക്സിക്യൂട്ടീവ് ഓഫീസർമാർ, തൊഴിൽ ഉടമ പ്രതിനിധികൾ പങ്കെടുത്തു.

date