Skip to main content

റേഷന്‍ കടയില്‍ പരിശോധന നടത്തി

പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. തിരൂര്‍ താലൂക്കില്‍ കാടാമ്പുഴയിലെ റേഷന്‍കടയില്‍ നടന്ന പരിശോധനക്ക്  എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവര്‍ നേതൃത്വം നല്‍കി.
സ്റ്റോക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും വിതരണത്തിനായി വെച്ച മറ്റു വസ്തുക്കളുടെയും ഗുണനിലവാരം, ബില്ലിങ് ഉപകരണങ്ങളുടെ കാര്യക്ഷമത, പരാതി പുസ്തകം എന്നിവ പരിശോധിച്ചു. വിറ്റുവരവ് കണക്ക്, കടയില്‍ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു. ഭക്ഷ്യധാന്യങ്ങളും മറ്റു റേഷന്‍ വസ്തുക്കളും സംഭരിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍, ഉപഭോക്താക്കള്‍ക്കായി കുടിവെള്ളം, ഇരിപ്പിടങ്ങള്‍, സര്‍ക്കാര്‍ അറിയിപ്പുകളടങ്ങിയ പോസ്റ്ററുകള്‍, ശുചിത്വം എന്നിവ ഉറപ്പ് വരുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ റേഷന്‍ കടകളില്‍ നടത്തുന്ന പരിശോധന ഈ ആഴ്ചയും തുടരും. പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത്തിന് കൈമാറും. തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ടി ഷീജ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ആര്‍ ജയകുമാര്‍, വി.പി ഷാജുദ്ധീന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജിതിന്‍ ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.
 

date