Skip to main content

വലിച്ചെറിയല്‍ മുക്ത കണ്ണൂര്‍: ജില്ലാ തല ഉദ്ഘാടനം 26ന്

വൃത്തിയുള്ള കേരളം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ക്യാമ്പയിനുകളെ സംയോജിപ്പിച്ച് വലിച്ചെറിയല്‍ മുക്ത കണ്ണൂര്‍ പദ്ധതിക്ക് ജനുവരി 26ന് ജില്ലയില്‍ തുടക്കമാവും. പെരളശ്ശേരി ടൗണില്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിക്കും.
പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ വലിച്ചെറിയാതെ ഹരിത കര്‍മ്മസേനക്ക് കൈമാറുന്നതോടൊപ്പം മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടെത്തി അവ ജനകീയ സഹകരണത്തോടെ ഒഴിവാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്യാമ്പയിനാണ് വലിച്ചെറിയല്‍ മുക്ത ജില്ല. വിവിധ പ്രദേശങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ കണ്ടെത്തി അവയെ നീക്കം ചെയ്യുകയാണ് വലിച്ചെറിയല്‍ മുക്ത ജില്ലയുടെ ആദ്യ ഘട്ടം.
തുടര്‍ന്ന് അത്തരം സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തുടര്‍ മാലിന്യ നിക്ഷേപങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജനകീയ കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്യും. പൊതു സ്ഥലങ്ങളിലെ മാലിന്യ കൂനകള്‍ മാറ്റി പൂന്തോട്ടങ്ങള്‍ സ്ഥാപിക്കാനും വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനില്‍ പദ്ധതിയുണ്ട്. 2017 മുതലാണ് ജില്ലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരായ ക്യാമ്പയിന്‍ ആരംഭിച്ചത്. ആ ഘട്ടത്തിലാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരായ ഉത്തരവുകള്‍ വന്നത്. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ജില്ലയിലെ വിവിധ വകുപ്പുകളും മിഷനുകളും ചേര്‍ന്നാണ് ക്യാമ്പയിന്‍ നടത്തുക.

date