Skip to main content

ശുചിത്വ പോരാട്ടത്തിൽ പാലക്കുഴയിലെ ഹരിത കർമ സേന

പാലക്കുഴ ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ  ഇടക്കിടെ കയറിയിറങ്ങുന്ന ഒരു കൂട്ടം വനിതകളുണ്ട്. പച്ചനിറമുള്ള ഓവർകോട്ട് ധരിച്ച ഈ ഹരിത കർമ സേനയാണ് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

2019 ഏപ്രിലിലാണ് പാലക്കുഴ പഞ്ചായത്തിൽ ഹരിത കർമ സേന പ്രവർത്തനം ആരംഭിച്ചത്. 13 വാർഡുകളിലായി 19 പേരാണ് ഹരിത കർമ്മ സേനയിലെ അംഗങ്ങൾ. കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ച് ടൺ മാലിന്യങ്ങളാണ് ഇവർ നീക്കം ചെയ്തത്. ഇതുവഴി 29,448 രൂപയുടെ അധിക വരുമാനമാണ് സേനക്ക് ലഭിച്ചത്. നിലവിൽ പ്രതിമാസം ശരാശരി 900 കിലോ മാലിന്യങ്ങളാണ് ഇവർ ശേഖരിക്കുന്നത്.

പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (മിനി എം.സി.എഫ്) എത്തിക്കുകയാണ് ഹരിത കർമ സേന ആദ്യം ചെയ്യുന്നത്. ഇതിനായി എല്ലാ വാർഡിലും മിനി എം.സി.എഫുകൾ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത  ഘട്ടത്തിൽ തരം തിരിച്ച മാലിന്യങ്ങൾ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (എം.സി.എഫ്) എത്തിക്കും. ഇവിടെ നിന്ന് സംസ്കരണത്തിനായി പൊതുമേഖല സ്ഥാപനമായ ക്ലീൻ കേരള കമ്പനിയിലേക്ക് അയക്കുന്നു.

ഹരിത കർമസേനക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും സൗകര്യങ്ങളും  പഞ്ചായത്ത് ഭരണ സമിതി നൽകുന്നു. 

ഭരണ സമിതിയുടെ സഹായത്തോടെ സ്പോൺസർഷിപ്പ് വഴി ലഭിച്ച പിക്കപ്പ് വാഹനം കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ സേനക്ക് കൈമാറി.

ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി ബയോ ബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പടെയുള്ളവ ശേഖരിക്കുന്നതിനായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 24 പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്.

date