Skip to main content

മതിലകം കൂളിമുട്ടം റോഡ് മൂന്നുമാസത്തിനകം പൂർത്തീകരിക്കും 

 

കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ  തകർന്നുകിടക്കുന്ന ഒരു കിലോമീറ്റർ മതിലകം കൂളിമുട്ടം റോഡ് നിർമ്മാണം മൂന്നുമാസത്തിനകം പൂർണമായും പൂർത്തീകരിക്കുമെന്നു പി ഡബ്‌ള്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ഹരീഷ് അറിയിച്ചു. റോഡ് നിർമ്മാണം വേഗത്തിൽ തീർപ്പാക്കുന്നതിനായി ജനുവരി 24ന് എക്സിക്യൂട്ടീവ് എൻജിനീയർ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. റോഡ് വീതി വർധിപ്പിച്ചു മൂന്നുമാസത്തിനകം പണി പൂർണമായും പൂർത്തീകരിക്കുമെന്നു കരാറുകാർ ഉറപ്പ്‌ നല്കിയെന്നു പി ഡബ്‌ള്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

ദേശീയപാത 66 ൽ നിന്നും ആരംഭിച്ച് അഴിക്കോട് ചാമക്കാല തീരദേശപാതയിൽ അവസാനിക്കുന്ന റോഡിന്റെ ആദ്യ ഒരു കി.മീ. റോഡാണ് നിലവിൽ തകർന്നു കിടക്കുന്നത്, ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പണിത റോഡ് വാട്ടർ അതോറിറ്റിയുടെ ജലജീവൻ മിഷന്റെ ഭാഗമായി പൈപ്പ് സ്ഥാപിക്കന്നതിന് വേണ്ടി വിട്ടുകൊടുത്തിരുന്നു. നിലവിലെ റോഡ് വീതി വർധിപ്പിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും സ്ഥലം പൂർണമായും വിട്ടു കിട്ടിയത് ഒക്ടോബർ, നവംബർ മാസങ്ങളിലാണ്. റോഡിന്റെ ഇരുവശങ്ങളിലെ മതിലുകൾ പൊളിക്കൽ, സ്ഥലം സംരക്ഷിക്കുന്നതിനും മതിലിനുമായുള്ള ഫൗണ്ടേഷൻ പ്ലിന്ത് നിർമ്മിക്കൽ എന്നിവ നവംബർ, ഡിസംബർ മാസങ്ങളിലാണ് നടന്നത്. നാല് ക്രോസ് ഡ്രെയിനുകളുടെ നിർമ്മാണം ജനുവരി മാസത്തിലാണ് ആരംഭിക്കാനായത് അവയുടെ നിർമാണം പുരോഗമിക്കുകയാണ്. രണ്ടു കുളങ്ങളുടെയും ഒരു തോടിന്റെയും സംരക്ഷണ ഭിത്തി നിർമ്മിക്കൽ അടിയന്തിരമായി പൂർത്തീകരിക്കുന്നതാണ് എന്ന് പി ഡബ്‌ള്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.

date