Skip to main content

പശ്ചാത്തല വികസന രംഗത്ത് കേരളത്തെ മികച്ച ഹബ്ബാക്കി മാറ്റും : മുഖ്യമന്ത്രി

പശ്ചാത്തല വികസനരംഗത്ത് കേരളത്തെ മികച്ച ഹബ്ബായി മാറ്റാൻ ശക്തമായ നടപടികളും ഇടപെടലും ആണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ടൂറിസം , പൊതുമരാമത്ത് വകുപ്പുകളുടെ നയ രൂപകല്പന ശില്പശാലഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഗുണഫലം എത്തുന്ന വിധത്തിൽ സുസ്ഥിര വളർച്ച ലക്ഷ്യമിട്ട് സംസ്ഥാനം മുന്നേറുകയാണ്. പ്രളയക്കെടുതികളെ അതിജീവിച്ച് സംസ്ഥാനം പുതിയ കേരളം നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഒരു വിഭവവും പാഴാക്കാത്ത തരത്തിലുള്ള രൂപകൽപ്പനകൾ ഏതു പദ്ധതിയുടെ കാര്യത്തിലും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിയുടെയോ സ്‌കീമിന്റെയോ രൂപകൽപ്പനയുടെ തുടക്കം മുതൽ ഇക്കാര്യം ഉറപ്പാക്കും. പൊതുജനസേവനം ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികൾ രൂപകൽപ്പന ചെയ്യുമ്പോൾ വിവിധ ഭാഗത്തുള്ള അതിൻറെ ഉപയോക്താക്കൾക്ക് ഗുണകരമായ വിധത്തിലാണ് അതെന്ന് ഉറപ്പാക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. ആർക്കിടെക്ട്,അർബൻ ഡിസൈനർമാർ തുടങ്ങി ഡിസൈൻ രംഗത്തുള്ള എല്ലാവരുടെയും ഏകോപിതമായ പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി സമഗ്രമായ ഡിസൈൻ പോളിസി ആവിഷ്‌കരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു . പാലങ്ങൾ കെട്ടിടങ്ങൾ ശൗചാലയങ്ങൾ നടപ്പാതകൾ തുടങ്ങി പദ്ധതി ഏതുമാകട്ടെ അതെല്ലാം ഉപയോക്താക്കളുടെ സൗകര്യത്തെ മുൻനിർത്തിയുള്ള രൂപകൽപ്പനയാണ് ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചീഫ് സെകട്ടറി ഡോ. വി.പി. ജോയ്, പി.ഡബ്ലു.ഡി. പ്രിൻസിപ്പൽ സെക്രട്ടറി ശ്രീനിവാസൻ , പ്ലാനിംഗ് ബോർഡ് മെമ്പർമാരായ കെ രവിരാമൻ, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 505/2023

date