Skip to main content

അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധി അംഗത്വം ഉറപ്പാക്കണം: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ അസംഘടിത മേഖലയിലുൾപ്പെടുന്ന മുഴുവൻ തൊഴിലാളികളും ക്ഷേമനിധി അംഗത്വം നേടണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം, ഓൺലൈൻ മെമ്പർഷിപ് രജിസ്‌ട്രേഷൻ എന്നിവ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്റ്റിന് കീഴിൽ വരുന്ന തൊഴിലാളികളും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് തൊഴിലാളികളുമുൾപ്പെടെയുള്ളവർക്ക് ക്ഷേമനിധി ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വയംതൊഴിൽ ചെയ്യുന്നവർക്കും ക്ഷേമനിധിയുടെ ഭാഗമാകാം.

തിരുവനന്തപുരം അപ്പോളോ ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ രാജഗോപാൽ അധ്യക്ഷനായി.

തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആദ്യ ഘട്ടത്തിൽ തന്നെ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. സംവിധാനം നടപ്പിലായതോടെ അംഗങ്ങളുടെ അംശദായം അടയ്ക്കുന്നതിനും അംഗത്വ രജിസ്ട്രേഷൻ നടത്തുന്നതും ഓൺലൈൻ വഴി സാധ്യമാകും.

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ എം ഷജീന, പി സുബ്രഹ്‌മണ്യം, ആർ സജിത്, പി സി ജേക്കബ്, കെ എം ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 531/2023

date