Skip to main content

പൊതുവിദ്യാഭ്യാസത്തിന് ദിശയേകാൻ പല വഴികളുമായി വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്

പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനായി വിവിധ പരിപാടികളുമായി വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്. പഠനം  മധുരമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കുരുത്തോല, മികവു തേടിയുള്ള യാത്രകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ ദിശ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഇവ നടപ്പാക്കുന്നത്.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിശീലനം നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

 ഗണിതം, ശാസ്ത്രം, ഭാഷ തുടങ്ങിയ വിഷയങ്ങൾ  കളികളിലൂടെ എളുപ്പത്തിൽ പഠിപ്പിക്കുന്ന പദ്ധതിയാണ് കുരുത്തോല. പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.  ഗണിതം ഉൾപ്പടെയുള്ള വിഷയങ്ങൾ വരയും കുറിയുമായി മുന്നിലെത്തിയതോടെ കുട്ടികൾക്ക് എളുപ്പത്തിൽ മനസിലാക്കി പഠിക്കാനുള്ള അവസരം ഒരുങ്ങി. 

ഇതിനു പുറമേ അറിവുത്സവം, ചിത്രരചനാ കളരി ഉൾപ്പടെ പാഠ പുസ്തകങ്ങൾക്ക് പുറമേ അറിവു ലഭിക്കുന്ന വിവിധ പ്രവർത്തനങ്ങളും സ്കോളർഷിപ്പ് പദ്ധതിയുമെല്ലാമാണ് പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

 വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനും വിശദമായ പഠനത്തിനുമായി പഠനവീടുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ നിലവാരം ഉയർന്നതോടെ സ്വകാര്യ മേഖലയിൽ നിന്നുൾപ്പടെ നൂറു കണക്കിന് വിദ്യാർത്ഥികളാണ് പഞ്ചായത്ത് പരിധിയിലെ വിവിധ സർക്കാർ സ്കൂളുകളിലേക്ക്  കഴിഞ്ഞ വർഷങ്ങളിൽ എത്തിയത്.

പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി അതിനനുസരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ദിശയുടെ ഭാഗമായി നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനൊപ്പം അധ്യാപകരുടെ നിലവാരവും ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളും പഞ്ചായത്ത് നടത്തുന്നു. ഇതിനായി നിരന്തരമുള്ള പഠന ക്ലാസുകളും കൺവെൻഷനുകളുമാണ് നടത്തി വരുന്നത്. പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്.

ഓരോ പ്രവർത്തനങ്ങൾക്ക് പിന്നിലും പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ അശോക് കുമാർ എന്നിവർ ഉൾപ്പടെ മുഴുവൻ കൗൺസിലർമാരും അണി നിരക്കുന്നു. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മികവുകൾ തേടിയുള്ള യാത്ര ഇതിന് ഉദാഹരണമാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയായി മാറിയ തൊടുപുഴ കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലും പൈങ്ങോട്ടൂരിലെ കടവൂർ ഗവ. എൽ.പി സ്കൂളിലും നടത്തിയ സന്ദർശനങ്ങൾക്ക് നേതൃത്വം നൽകിയത് പ്രസിഡന്റായിരുന്നു. 

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാത്രം കാര്യമല്ല വിദ്യാഭ്യാസം എന്നും നാടിനും നാട്ടുകാർക്കും ജനപ്രതിനിധികൾക്കും കൂടി ഇതിൽ പങ്കുണ്ടെന്നും  കൂടി വ്യക്തമാക്കുകയാണ് ദിശ പദ്ധതിയിലൂടെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത്.

date