Skip to main content

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ്  മൂന്ന് ഡയാലിസിസ് മെഷീനുകൾ നൽകി

 

കളമശ്ശേരി : എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കിഡ്നി രോഗ ചികിത്സാ വിഭാഗത്തിൽ മൂന്നു ഡയാലിസിസ് മെഷീനുകൾ  കൈമാറി കൊച്ചി സിറ്റി റോട്ടറി ക്ലബ് ഭാരവാഹികൾ.

എറണാകുളം മെഡിക്കൽ കോളേജിലെ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ചികിത്സ വിഭാഗമാണ്  കിഡ്നി രോഗ ചികിത്സാ വിഭാഗം.

നിലവിൽ പതിനഞ്ച് ഡയാലിസിസ് മെഷീനുകൾ ഉപയോഗിച്ചുകൊണ്ട് ആശുപത്രിയുടെ അകത്തും പുറത്തുമുള്ള തൊണ്ണൂറോളം  രോഗികൾക് ദിവസവും ഡയാലിസിസ് ചെയ്തുവരുന്നു. പുതിയ മൂന്ന് മെഷീൻ പ്രവർത്തനസജ്ജ മാകുമ്പോൾ  മൂന്ന് സ്ലോട്ടുകൾ കൂടി  അനുവദിക്കാൻ കഴിയും. ഇത് വഴി കൂടുതൽ രോഗികൾക് ഡയാലിസിസ് ചെയ്യാനും കഴിയും.

നാല് ഡോക്ടർമാരും പതിനൊന്നു ടെക്‌നീഷ്യൻസും ഉള്ള ഡയാലിസിസ് വിഭാഗം ഇരുപതിനാലു മണിക്കൂർ പ്രവർത്തന സജ്ജമാണ്.

റോട്ടറി ക്ലബ്, ചക്കിയാട്ട് ഏജൻസിസ് ഹെർബൽ ഐസൊലേറ്റ്, പ്ലാന്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ  സി. എസ്. ആർ ഫണ്ട്‌ ഉപയോഗിച്ചാണ്
ഇരുപത് ലക്ഷം രൂപയോളം ചെലവ് വരുന്ന മൂന്ന് മെഷീനുകൾ
 വാങ്ങിയത്.

 മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ്  മോഹന്റെ അധ്യ ക്ഷതയിൽ കൊച്ചി സിറ്റി റോട്ടറി ക്ലബ് ജില്ലാ ഡയറക്ടർ ഇ. എ. നോബി ഡയാലിസിസ് യൂണിറ്റിന്  മെഷീനുകൾ കൈമാറി.

റോട്ടറി ക്ലബ് ഭാരവാഹികളായ വിനു വർഗീസ്, ശ്വേത എസ് വാസുദേവൻ, പി. പി. രഘു ജയ്റാം, നിനൻ ഫിലിപ്പ്, സി. എഫ്. ഒ. പ്ലാന്റ് ലിപ്പിഡ് അനിൽ എന്നിവരും മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായർ, കിഡ്‌നിരോഗ വിഭാഗം മേധാവി ഡോ. ഉഷ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇത്തരം സാമൂഹ്യ പ്രതിബദ്ധതയുള്ള സഹായ സഹകരണങ്ങൾ സന്നദ്ധ പ്രവർത്തകരിൽ നിന്ന് മെഡിക്കൽ കോളേജിന് ലഭിക്കുന്നത് ഏറെ പ്രയോജനപ്രദവും പ്രശംസനീയവുമാണെന്ന് മെഡിക്കൽ സുപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.
 

date