Skip to main content

ചോറ്റാനിക്കരയിൽ എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ്

 

ആർത്തവ ശുചിത്വത്തിന് പുതിയ അദ്ധ്യായം കുറിച്ച് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. സ്ത്രീകൾക്ക് ആർത്തവകാല ശുചിത്വം ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്ത് പരിധിയിൽ എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് ഉറപ്പാക്കാൻ ഒരുങ്ങുകയാണ് ചോറ്റാനിക്കര പഞ്ചായത്ത്. പഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പുകൾ വിതരണം ചെയ്യുന്നത്. 

സാനിറ്ററി നാപ്കിനുകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും അസൗകര്യവും പൂർണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ ഇവ ഉപയോഗിക്കുന്നത് വഴി കുടുംബങ്ങൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ഭാരവും പരിസ്ഥിതി മലിനീകരണവും മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിലൂടെ നിയന്ത്രിക്കാൻ സാധിക്കും.

 ഏറെക്കാലം പുന:രുപയോഗിക്കാൻ സാധിക്കുന്ന ഗുണനിലവാരമുള്ള കപ്പുകളാണ് വിതരണം ചെയ്യുന്നത്.

വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതും സുരക്ഷിതവുമായ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്നതോടെ സ്ത്രീകൾക്ക് എല്ലാമാസവും സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നതിന്റെ അധിക ചെലവ്  നിയന്ത്രിക്കാൻ സാധിക്കും. സ്ത്രീകളെ കൂടി വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എം. ആർ. രാജേഷ് പറഞ്ഞു.

പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി  18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള വരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. വാർഡ് മെമ്പർമാർ, ആശാവർക്കർമാർ എന്നിവർ മുഖേനയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. പഞ്ചായത്ത് പരിധിയിൽ നിന്നും 700 ൽ അധികം ഗുണഭോക്താക്കൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

date