Skip to main content

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ തുടക്കം

 

മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യവുമായി മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കാൻ നടപ്പിലാക്കുന്ന 'വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി നിർവഹിച്ചു. 

രണ്ടാം നവകേരളം കർമ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻകേരള കമ്പനി എന്നിവർ സംയുക്തമായാണ് ക്യാമ്പയിൻ നടത്തുന്നത്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്തിട്ടുള്ള ക്യാമ്പയിന്റെ ഭാഗമായി  ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണങ്ങൾ നടക്കും. ജനപ്രതിനിധികൾ വ്യാപാരി വ്യവസായികൾ, കുടംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ,
ഹരിത കർമ്മസേന, വിദ്യാർത്ഥികൾ എന്നിവർ ക്യാമ്പയിന്റെ ഭാഗമാകും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി. ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date