Skip to main content

മികവിന്റെ പാതയില്‍ താനൂരിലെ സ്‌കൂളുകള്‍

താനൂര്‍ ഗവ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ 1.25 കോടി രൂപയുടെ ഭരണാനുമതി. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. തീരദേശത്തു നിന്നുമുള്ള കുട്ടികള്‍ കൂടുതലായി ആശ്രയിക്കുന്ന ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള  ഈ സ്‌കൂളില്‍ എഴുന്നൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും, ശൗചാലയങ്ങളുമാണ് ഈ തുക ഉപയോഗിച്ച് നിര്‍മ്മിക്കുക.
    2019 ല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ലഭിച്ച ഒരു കോടി രൂപ ചെലവഴിച്ച് 8 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചിരുന്നു. വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതിലും ഗെയ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലൊട്ടാകെ സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം കെട്ടിടം നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 2 കോടി രൂപ അനുവദിച്ചിരുന്നു. 5.5 കോടി രൂപ ചെലവില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനുള്ള കെട്ടിടം പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ പോകുകയാണ്.
   നിറമരുതൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന് വേണ്ടി ക്ലാസ്സ് മുറികള്‍ പണിയാന്‍ 80 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ കെട്ടിടം നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചുവെന്ന പ്രത്യേകത ഇതിനുണ്ട്. പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു

date