Skip to main content

സുരക്ഷിതമായ തൊഴിലിടം, മികച്ച ആരോഗ്യം ഇവയില്‍ വിട്ടുവീഴ്ച പാടില്ല: മന്ത്രി  പി. രാജീവ്

തൊഴിലാളികളുടെ അവകാശമായ സുരക്ഷിതമായ തൊഴിലിടം, മികച്ച ആരോഗ്യം, മികച്ച ജീവിത നിലവാരം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് 2023 - സുരക്ഷിതം 2.0 അന്താരാഷ്ട്ര സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാമ്പത്തികമായും വ്യവസായികമായും പുരോഗതി കൈവരിക്കുന്നതിന് തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അപകടങ്ങള്‍, പരിക്കുകള്‍, അപകടകരമായ വസ്തുകളുമായുളള സമ്പര്‍ക്കം എന്നിവയില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് എന്നതിലൂടെ ലക്ഷ്യമിടുന്നത്. അപകട ഭീഷണി കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുകയും സുരക്ഷിതമായ തൊഴില്‍ സാഹചര്യമൊരുക്കുകയും ചെയ്യുകയെന്നത് തൊഴിലാളുകളുടെയും വ്യവസായിക രംഗത്തുള്ളവരുടെയും ഉത്തരവാദിത്തമാണ്. 

തൊഴിലിടങ്ങളിലെ അപകടങ്ങള്‍ തിരിച്ചറിയുകയും തൊഴിലാളികള്‍ക്ക് പരിശീലനവും സുരക്ഷാ ഉപകരണങ്ങളും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള വിഭവങ്ങളും ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് ഒരു മികച്ച ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് നയത്തിന്റെ ഏറ്റവും പ്രധാന ഘടകം. പുതിയ തൊഴില്‍ നയത്തിന്റെയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെയും പശ്ചാത്തലത്തില്‍ മികച്ച അവബോധമുണ്ടാക്കുകയെന്നത് നിര്‍ണ്ണായകമാണെന്നും മന്ത്രി പറഞ്ഞു.

date