Skip to main content

കോളേജിലേക്കുള്ള യാത്ര ഇനി തടസ്സമാകില്ല; ഫിയറോ ജെയിന് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് ഒരുക്കി നല്‍കി മന്ത്രി ഡോ. ആര്‍ ബി

തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഭിന്നശേഷി വിദ്യാര്‍ത്ഥിക്ക് പഠന സൗകര്യാര്‍ത്ഥം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഒരുക്കി നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍ ബിന്ദു. ബിടെക് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥി ഫിയറോ ജെയിനിനാണ് ഒഴിവുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചുള്ള ഉത്തരവ് മന്ത്രി കൈമാറിയത്. ഫിയറോ ജെയിന്റെ സാഹചര്യം പ്രത്യേക കേസായി പരിഗണിച്ചാണ് വിദ്യാര്‍ത്ഥി അടങ്ങുന്ന കുടുംബത്തിന് പഠന സൗകര്യാര്‍ത്ഥം  ഒഴിവുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഒരെണ്ണം കോഴ്‌സ് തീരുന്നതു വരെ അനുവദിച്ചു ഉത്തരവ് ഇറക്കിയതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലകളും ഭിന്നശേഷി സൗഹൃദമാക്കണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉത്തരവ് കൈമാറിയ ശേഷം മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ  വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഫിയറോ ജെയിന്റെ താമസക്കാര്യം കോളേജ് അധികൃതര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇക്കാര്യം പരിശോധിച്ച മന്ത്രി വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സ്‌പെഷ്യല്‍ കേസ് എന്ന നിലയില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് വിട്ടു നല്‍കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. 

വയനാട് സ്വദേശിയായ ഫിയറോ ജെയിന്‍ പഠനാവശ്യാര്‍ഥം അച്ഛന്‍ ജെയ്‌സണിന്റെ കൂടെ തൃശൂരില്‍ വാടകക്ക് വീട് എടുത്താണ് രണ്ടു മാസമായി താമസം. അച്ഛന്‍ എന്നും വാഹനത്തില്‍ കോളേജിലേക്ക് കൊണ്ടുചെന്ന് ആക്കുകയായിരുന്നു. വാഹനത്തില്‍ നിന്നിറങ്ങി വീല്‍ ചെയറില്‍ ആയിരുന്നു ഫിയറോ ജെയിന്‍ ക്ലാസ്സില്‍ കയറിയിരുന്നത്. കോളേജിന് സമീപത്തെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിക്കപ്പെട്ടതോടെ ഫിയറോയുടെ കോളേജിലേക്കുള്ള യാത്ര എളുപ്പമാവും. ഒരാഴ്ചക്കുള്ളില്‍ സ്റ്റാഫ് ക്വാര്‍ട്ടര്‍സ്സില്‍ അച്ഛനോടൊപ്പം മാറി താമസിക്കാം എന്ന സന്തോഷത്തിലാണ് ഫിയറോ.

തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്ലോറിയ ഗോപി ഹാളില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രഞ്ജിനി ഭട്ടതിരിപ്പാട്, വിദ്യാര്‍ത്ഥി പ്രതിനിധി ആല്‍ബിന്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍  പങ്കെടുത്തു. ഫിയറോയുടെ അച്ഛന്‍ ജെയ്‌സണ്‍, അമ്മ സിബി, സഹോദരന്‍ ക്രിസ്റ്റി എന്നിവര്‍ അടങ്ങുന്ന കുടുംബം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

date