Skip to main content

ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

*നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 24ന്

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിക്കും 
മുരിയാട്, വേളൂക്കര പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 19.35 കോടിയുടെയും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 164.87 കോടി രൂപയുടെയും ഭരണാനുമതി 
പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്. കരുവന്നൂര്‍ പുഴയാണ് ജലസ്രോതസ്. 

കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 24ന് ജലവിഭവ 
വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ 
നിര്‍വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ 
നഗരസഭയിലെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം 
കാണാനാകുമെന്ന് മന്ത്രി പറഞ്ഞു. 
വേളൂക്കര പഞ്ചായത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുക.

മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും ജനങ്ങള്‍ക്ക് ആളോഹരി പ്രതിദിനം പഞ്ചായത്തുകളിലേക്ക് 100 ലിറ്റര്‍ വീതവും മുനിസിപ്പാലിറ്റിയിലേക്ക് 150 ലിറ്റര്‍ വീതവും ജലവിതരണം ചെയ്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 
വേളൂക്കര പഞ്ചായത്തില്‍ 7727, മുരിയാട് പഞ്ചായത്തില്‍ 5552 വീതവും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ 74157 ഗാര്‍ഹിക കണക്ഷനുകളും നല്‍കാനാണ് പദ്ധതി ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്.

നിലവില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുന്ന 113.78 കോടി ഉപയോഗപ്പെടുത്തി റോ വാട്ടര്‍ പമ്പിങ്ങ് മെയിന്‍ ക്ലിയര്‍ വാട്ടര്‍ പമ്പിങ്ങ് മെയിന്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് മുരിയാട്,
വേളൂക്കര പഞ്ചായത്തുകളിലേക്കുള്ള വിതരണ ശൃഖലയും 10 ലക്ഷം ലിറ്റര്‍, 12 ലക്ഷം ലിറ്റര്‍ ജലസംഭരണികളുമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. 

പിഡബ്യുഡി റസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍  വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സജിത്ത് കെജി, അസി.എന്‍ജിനീയര്‍
എആര്‍ ശ്രീവിദ്യ എന്നിവര്‍ പങ്കെടുത്തു.

date