Skip to main content

നാടകനഗരിയെ ഉണർത്താൻ മട്ടന്നൂരിന്റെ മേളം

*അരങ്ങിൽ സാംസണും ഇന്ത്യൻ ഓഷ്യൻ ബാന്റും

സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള ഇറ്റ് ഫോക്ക്- അന്താരാഷ്ട്ര നാടകോത്സവത്തിന് അക്കാദമി ചെയർമാൻ കൂടിയായ വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിലുള്ള വാദ്യമേളത്തോടെ അരങ്ങുണരും. മലയാളി മനസിൽ ചെണ്ടയുടെ ഇഷ്ട താളം തീർത്ത അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ 101 കലാകാരൻമാരുടെ മേളപ്പെരുക്കം 10 ദിവസം നീണ്ടു നിൽക്കുന്ന  നാടകോത്സവത്തിന്റെ പതിമൂന്നാമത് എഡിഷന് ഉജ്വല വിളംബരമാവും. തുടർന്നുള്ള ദിനങ്ങളിൽ ലോക നാടക വേദിക്കൊപ്പം സാംസ്കാരിക നഗരിയും ഉണരും. നാടകങ്ങളും സംഗീത സന്ധ്യകളും മറ്റ് അനുബന്ധ പരിപാടികളുമായി ഏഴ് വേദികൾ രംഗഭാഷയിൽ  ഇനി സംവദിക്കും. 

അക്കാദമിയിലെ കെ ടി മുഹമ്മദ് തിയറ്റർ പരിസരത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മേളം അരങ്ങേറുക. 
തുടർന്ന്
3 മണിക്ക് അതുൽ കുമാർ സംവിധാനം ചെയ്യുന്ന ടേക്കിങ്ങ് സൈഡ്സ് എന്ന നാടകത്തിലൂടെ ദേശീയ നാടകങ്ങൾക്ക് തുടക്കം കുറിക്കും കെ ടി മുഹമ്മദ് തിയറ്ററിലാണ് നാടകം അരങ്ങേറുക. വൈകിട്ട് 3.30 ന് ബ്ലാക്ക് ബോക്സ് തിയേറ്ററിൽ പ്രതാപൻ കെ എസ് സംവിധാനം ചെയ്യുന്ന നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ എന്ന നാടകത്തിലൂടെ മലയാള നാടകങ്ങൾക്ക് തുടക്കമാകും. 

5.30ന് പവലിയൻ തിയറ്ററിലാണ് ഉദ്ഘാടനച്ചടങ്ങ്. 

അന്തർദേശീയ നാടകോത്സവത്തിന് ചുക്കാൻ പിടിച്ച  നടൻ  മുരളിയുടെ പേരിലുള്ള ആക്ടർ മുരളി തിയറ്ററും  ഇറ്റ്ഫോക്കിന് ഒരുങ്ങി. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക- രാഷ്ട്രീയ  പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്ന ബ്രെറ്റ് ബെയ്ലിയുടെ സാംസൺ നാടകത്തോടെ വൈകിട്ട് ഏഴുമണിക്ക് അന്തർദേശീയ നാടകങ്ങൾക്ക് തിരശീല ഉയരും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഇറ്റ്‌ഫോക്കില്‍ വിവിധ ബാന്റുകളുടെ സംഗീത പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.   രാത്രി 9 മണിക്ക് ഇന്ത്യന്‍ ഓഷ്യന്‍ ബാന്റിന്റെ  പരിപാടിയോടെ  നാടകോത്സവത്തിന്റെ സംഗീത പരിപാടികൾക്ക് തുടക്കമാകും. 

ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള  കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് ( FAOS) തീയേറ്റർ  ആണ് ഇത്തവണത്തെ ശ്രദ്ധയാകര്‍ഷിച്ച ഒരു വേദി. കെ ടി മുഹമ്മദ് തിയേറ്റർ, ബ്ലാക്ക് ബോക്സ്, രാമനിലയം പിൻമുറ്റം ഓപ്പൺ എയർ വേദി, ആർട്ടിസ്റ്റ് സുജാതൻ സീനിക്ക് ഗാലറി, പവലിയൻ  തുടങ്ങിയവയാണ് മറ്റ് വേദികൾ. നാടകങ്ങള്‍ക്കും സംഗീത പരിപാടികള്‍ക്കും പുറമേ വ്യത്യസ്ത വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍, കോളോക്ക്യം എന്നിവയും ഇറ്റ്‌ഫോക്കില്‍ കാത്തിരിക്കുന്നുണ്ട്.

date