Skip to main content

കള്ളിച്ചിത്ര കോളനിയില്‍ സഞ്ചരിക്കുന്ന റേഷന്‍ കട മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു

അടുത്ത മാസത്തോടെ മുഴുവന്‍ കോളനികളും പദ്ധതി നടപ്പിലാക്കും

സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി ഊരുകളിലെയും താമസക്കാരുടെ വീടുകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് എത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍. കള്ളിച്ചിത്ര നടാംപാടം ആദിവാസി ഊരുകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനുള്ള സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കള്ളിച്ചിത്ര കോളനിയില്‍ പദ്ധതി നടപ്പിലാക്കിയതോടെ ജില്ലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കട ആവശ്യമായ 15 ഊരുകളില്‍ 13 എണ്ണത്തിലും പദ്ധതി നടപ്പാക്കാനായി. ബാക്കി രണ്ടിടങ്ങളില്‍ അടുത്ത മാസത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരുകളിലുള്ള മുഴുവന്‍ പേര്‍ക്കും മുന്‍ഗണനാ കാര്‍ഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. അത് ഇല്ലാത്തവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. അതിനുള്ള അപേക്ഷകള്‍ ഊര് നിവാസികളില്‍ നിന്ന് പ്രൊമോട്ടര്‍മാര്‍ ശേഖരിച്ച് ബന്ധപ്പെട്ട സപ്ലൈ ഓഫീസുകളില്‍ ഫെബ്രുവരി 15നകം എത്തിക്കണം. ഫെബ്രുവരി 28നകം മുഴുവന്‍ അപേക്ഷകര്‍ക്കും മുന്‍ഗണനാ കാര്‍ഡ് ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. 

ചടങ്ങില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സബ്ജഡ്ജ് ടി മന്‍ജിത്, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ കെ ദിലീപ് കുമാര്‍, വി രമേശന്‍, അഡ്വ. പി വസന്തം, എം വിജയലക്ഷ്മി, അഡ്വ. സബിദാ ബീഗം, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സദാശിവന്‍, ഷീല ജോര്‍ജ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് ചാലിയതൊടി, പഞ്ചായത്ത് അംഗങ്ങള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ ടി ജി സിന്ധു നന്ദിയും പറഞ്ഞു.

date