Skip to main content

ദേവസ്വം ബോർഡിന്റെ എല്ലാ റിക്രൂട്ട്‌മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് ദേവസ്വം മന്ത്രി

 

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റുകളിലും സംവരണം ബാധകമാക്കണമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

'നിലവിൽ ഹിന്ദു വിഭാഗത്തിലെ എല്ലാ ജാതിക്കാർക്കും ദേവസ്വം ബോർഡ് അംഗം ആകാനുള്ള അവസരമുണ്ട്. ഈ മാറ്റം പ്രധാന കാര്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏതെങ്കിലും തരത്തിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന അവസ്ഥയാണ് ഇന്ന്. അതിനാൽ ദേവസ്വം ബോർഡ് നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റുകളും സംവരണ പരിധിയിൽ വരേണ്ടതുണ്ട്. ഭാവിയിൽ ഇത് നടപ്പാക്കണം,'  മന്ത്രി പറഞ്ഞു.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായി അഡ്വ. കെ.ബി മോഹൻദാസും അംഗമായി ബി വിജയമ്മയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പഴയ കാലത്ത് ദേവസ്വം കാര്യങ്ങളിൽ വർധിച്ച കോടതി ഇടപെടൽ എന്തുകൊണ്ട് സംഭവിച്ചു എന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു. ദേവസ്വം വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം മോഹൻദാസിനും വിജയമ്മയ്ക്കും സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ ബോർഡ് മുൻ ചെയർമാൻ എം രാജഗോപാലൻ നായർതിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻകൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ സുദർശൻവി.കെ വിജയൻ (ഗുരുവായൂർ ദേവസ്വം)ജി.എസ് ഷൈലാമണി എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 745/2023

date