Skip to main content

ആദിവാസി കുട്ടികളുടെ ആരോഗ്യ ചികിത്സാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉണ്ണിക്കൊരു മുത്തം - നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

 

*മെഗാമെഡിക്കല്‍ ക്യാമ്പുമായി പദ്ധതിക്ക് ശനിയാഴ്ച കുട്ടമ്പുഴയില്‍ തുടക്കമാകും* 

 

 

 

ജില്ലയിലെ 12 വയസ് വരെ പ്രായമുളള പട്ടികവര്‍ഗ്ഗ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 2022-23 വര്‍ഷം എറണാകുളം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ഉണ്ണിക്കൊരു മുത്തം പദ്ധതിക്ക് കുട്ടമ്പുഴയില്‍ തുടക്കമാകും. 

 

യഥാസമയമുളള പരിശോധനകളും ചികിത്സകളും ഇല്ലാത്തതു മൂലം ആദിവാസി കുട്ടികള്‍ പലപ്പോഴും അനാരോഗ്യത്തോടെയാണ് ജീവിക്കുന്നത്. മതിയായ പോഷകാഹാര കുറവും ഗുരുതരമായ ഒരു പ്രശ്‌നമാണ്. കൃത്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നതിനും പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുമാണ് ഉണ്ണിക്കൊരു മുത്തം പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. അതുവഴി ആദിവാസികള്‍ക്കിടയിലുളള ശിശുമരണം ഒഴിവാക്കുന്നതിനും ഈ പദ്ധതി വഴി കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. 

 

 

ആദ്യഘട്ടത്തില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 200 കുട്ടികളുടെ മെഡിക്കല്‍ പരിശോധനയും തുടര്‍നടപടികളുമാണ് പദ്ധതി പ്രകാരം നടപ്പാലാക്കുന്നത്. മാമലക്കണ്ടം ഗവ.ഹൈസ്‌കൂളില്‍ ശനിയാഴ്ച (11.02.2023 ന്) പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിക്കും. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെളളക്കയ്യന്‍ അദ്ധ്യക്ഷത വഹിക്കും. ഹെല്‍ത്ത് കാര്‍ഡ് വിതരണം കോതമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീര്‍ നിര്‍വഹിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണിക്കുട്ടി ജോര്‍ജ്ജ്, ആശ സനില്‍, എം.ജെ.ജോമി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് പി.ജി., പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അനില്‍ ഭാസ്‌കര്‍ എന്നിവരും പങ്കെടുക്കും. 

 

മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. മെഡിക്കല്‍ ക്യാമ്പും തുടര്‍ പ്രവര്‍ത്തനങ്ങളും കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ്, അനുര്‍ ഡെന്റല്‍ കോളേജ് മൂവാറ്റുപുഴ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് നടപ്പിലാക്കുന്നത്. വരും വര്‍ഷങ്ങളിലും ടി പദ്ധതി തുടരുന്നതിനും കൂടുതല്‍ പേരിലേക്ക് സേവനം എത്തിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. 

 

മെഡിക്കല്‍ ക്യമ്പിനുളള ചെലവ്, ഹെല്‍ത്ത് കാര്‍ഡ്, ലബോറട്ടറി ചാര്‍ജ്ജുകള്‍, വാഹനവാടക, പോഷകാഹാരം, മരുന്നുകള്‍, മെഡിക്കല്‍, ഉപകരണങ്ങള്‍ എന്നിവ ഈ പദ്ധതിക്ക് അനുവദിച്ച തുകയില്‍ നിന്നും ചെലവഴിക്കും.

date