Skip to main content

"കൊടിയേറ്റ"ത്തിലെ കുട്ടിത്താരം കിലയിലും സജീവം

*നാടക ശിൽപ്പശാല മുന്നേറുന്നു

മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിൽ നടി കെപിഎസി ലളിതയ്ക്ക് മുന്നിൽ മുറ്റത്ത് കളിക്കുന്ന കൊച്ചു രഞ്ജിനിയെ പ്രേക്ഷകർ മറക്കാനിടയില്ല. പ്രായത്തെ തോൽപ്പിച്ച് അവർ വീണ്ടും നാടകക്കളരിയിൽ  സജീവമാവുകയാണ്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി കിലയിൽ തുടരുന്ന ദേശീയ സ്ത്രീ നാടക ശില്പശാലയിൽ പങ്കെടുക്കാനെത്തിയതാണ്   59 കാരിയായ എം എൽ രജ്ഞിനി. പാട്ടും അഭിനയവുമായി രഞ്ജിനി ഉത്സാഹത്തിലാണ്. നടിയുടെ പ്രായം മറന്ന കലാപ്രകടനം ശില്പശാലയെ കൂടുതൽ ആവേശഭരിതമാക്കി. കുടുംബശ്രീ വഴിയാണ് രജ്ഞിനി ശിൽപ്പശാലയുടെ ഭാഗമാകുന്നത്.

സിനിമയിൽ ഉടുക്കാൻ നല്ലൊരു ഉടയാടയില്ലാതെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ രാത്രി പാവാട തുന്നിയ രംഗം രജ്ഞിനി ഇന്നും ഓർക്കുന്നു. ലളിതയ്ക്കും ഭരത്ഗോപിക്കുമൊപ്പമുള്ള അനുഭവങ്ങളിൽ അവർ വാചാലയായി.

വയനാട് മാനന്തവാടി കല്ലുമട്ടംകുന്ന് 'ദിവ്യ കുടുംബശ്രീ' അംഗമായ രജ്ഞിനി കണ്ണൂരിലെ കലാകുടുംബത്തിലാണ് ജനിച്ചത്. നാടക കലാകാരനും കെപിഎസി ട്രൂപ്പിൽ അംഗവുമായിരുന്ന എം എൽ സുന്ദരത്തിന്റെ മകളാണ് രഞ്ജിനി.   പ്രതികൂല ജീവിത സാഹചര്യങ്ങൾ ഇവരെ കലാമേഖലയിൽ നിന്ന് അകറ്റി. തുടർന്ന്  കുടുംബശ്രീ പ്രവർത്തനമാണ് പുതിയ കലാസപര്യയ്ക്ക് തുടക്കം കുറിച്ചത്.

കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ തീയേറ്റർ ഗ്രൂപ്പായ രംഗശ്രീയാണ്  നാടക ജീവിതത്തിൽ വഴിത്തിരിവായത്. നന്മ ദേശീയ കലാസംഘടനയിലെ അംഗം കൂടിയാണ് രഞ്ജിനി.

ജനമൈത്രി പൊലീസിന്റെ ഷോർട്ട് ഫിലിമുൾപ്പെടെ വിവിധ ഷോട്ട്  ഫിലിമുകളിലും രഞ്ജിനി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ മഹാത്മാഗാന്ധിയുടെ പ്രച്ഛന്നവേഷം  അവതരിപ്പിച്ചത് ശ്രദ്ധേയമായി. ശില്പശാലയിലെ ഏറ്റവും പ്രായം ചെന്ന കലാകാരിയായ ഇവർ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഹരിതകർമ്മ സേനാംഗം കൂടിയാണ്.

അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള സ്ത്രീകള്‍ക്ക് നാടകത്തെ അടുത്തറിഞ്ഞ് ആ മേഖലയില്‍ അവര്‍ക്ക് ശോഭിക്കാനുള്ള അവസരം ഒരുക്കുക എന്ന  ലക്ഷ്യത്തോടെയാണ് കിലയിൽ ശിൽപ്പശാല നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 53 സ്ത്രീകളാണ് ഇതിന്റെ ഭാഗമാകുന്നത്. ദേശീയ നാടകരംഗത്തെ പ്രഗത്ഭയായ അനുരാധ കപൂര്‍ ആണ് ഇന്നും നാളെയുമായി ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. ഗ്രൂപ്പുകളായി തിരിച്ച് വർക്ക് ഷോപ്പുകളിലൂടെയും പ്രാക്ടിക്കൽ സെഷനിലൂടെയും നാടകത്തെ കൂടുതലായി പരിചയപ്പെടുത്തിയതും അവർ തന്നെ അനുഭവങ്ങൾ പങ്കുവെച്ചതും ശിൽപ്പശാലയെ സജീവമാക്കി.  തുടർന്ന് അന്താരാഷ്ട്ര നാടകോത്സവ വേദി സന്ദര്‍ശിച്ച് നാടകങ്ങള്‍ കാണാനും നാടകത്തിന്റെ ഒരുക്കങ്ങള്‍ നേരിട്ട് മനസിലാക്കാനുമുള്ള അവസരവും ഒരുക്കി.

ഫെബ്രുവരി 12 വരെ നീണ്ടു നില്‍ക്കുന്ന ശില്‍പ്പശാല എല്ലാ ദിവസവും രാവിലെ 8 മുതല്‍ 11 വരെയാണ്. കിലയുടെയും കുടുംബശ്രീയുടെയും  സഹകരണത്തോടെയാണ്  സംഘടിപ്പിക്കുന്നത്.

date