Skip to main content

ചോദ്യങ്ങൾ ചോദിച്ച് ഫോർ ദ റെക്കോർഡ് : ഫാസിസത്തെ ഓർമ്മിപ്പിച്ച് ദി തേർഡ് റീഹ്

നമ്മൾ എങ്ങനെ നമ്മളെ കാണുന്നു, നമ്മൾ എങ്ങനെ നമ്മളെക്കുറിച്ച് പറയുന്നു,  നമ്മൾ നമ്മുടേതായി ആരുടെ ചരിത്രം പറയുന്നു തുടങ്ങിയ ചോദ്യങ്ങൾ പ്രേക്ഷകരിലേയ്ക്ക് നൽകിയാണ് സംവിധായകൻ നിഖിൽ മേഹ്ത്ത ഫോർ ദി റെക്കോർഡ് അവതരിപ്പിക്കുന്നത്. അഞ്ചാം ദിനത്തിൽ കാണികൾക്ക് മുന്നിലെത്തിയ ഏറ്റവും ശ്രദ്ധേയമായ നാടകവും ഫോർ ദ റെക്കോർഡ് ആണ്.

കാണികളോട് നേരിട്ട് സംവദിക്കുന്ന രീതിയാണ് നാടകം സ്വീകരിച്ചത്. ഇടയിൽ കാണികൾക്ക് സമൂസ വിളമ്പി ഓരോ രാജ്യത്തിന്റെ ഭക്ഷണം എപ്രകാരം രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും നാടകം ഓർമിപ്പിച്ചു.

തങ്ങളുടെ രാജ്യത്തെ ഏറ്റവും മികച്ചതിനെ പ്രതിനിധീകരിക്കുന്ന മൂന്ന് പുരാവസ്തുക്കൾ തെരഞ്ഞെടുക്കാൻ ഐക്യരാഷ്ട്രസഭ അതിന്റെ ഓരോ അംഗരാജ്യങ്ങളോടും അഭ്യർത്ഥിച്ചു. ഇവ എന്തും ആകാം - ഒരുതരം വസ്ത്രം, ഒരു കലാരൂപം, ഒരു കെട്ടിടം, അല്ലെങ്കിൽ ഒരുതരം ഭക്ഷണം - എന്നാൽ മൂന്നെണ്ണം മാത്രമേ ഉണ്ടാകൂ, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തെ സ്ഥിരമായ ഗാലറിയിൽ ഇവ സ്ഥാപിക്കും. ഇതാണ് നാടക പശ്ചാത്തലം.

കാസ്റ്റലൂച്ചിയുടെ "ദി തേർഡ് റീഹ്" ആണ് കാണികൾക്ക് മുന്നിലെത്തിയ മറ്റൊരു നാടകം. നാസി ജർമനിയെ പറ്റി വിക്ടർ ക്ലെംപെറർ എഴുതിയ പുസ്തകത്തിൽ നിന്നാണ്  ഇൻസ്റ്റല്ലേഷൻ ഷോ ആരംഭിക്കുന്നത്. നാസികൾ എങ്ങനെയാണ് ഫാസിസത്തിന്റെ ഭാഷയെ ആസൂത്രിതമായി ദൈനംദിന ജർമ്മൻ ഭാഷയിലേക്ക് നയിച്ചതെന്ന് ക്ലെമ്പറർ പരിശോധിക്കുന്നതിന്റെ ഒരു വീഡിയോ ഇൻസ്റ്റാളേഷൻ രൂപമാണ് അവതരിപ്പിക്കുന്നത്. "തേർഡ് റീഹ്" എന്നത് അടിച്ചേൽപ്പിക്കപ്പെട്ട ആശയവിനിമയത്തിന്റെ പ്രതിച്ഛായയാണ്. ഇറ്റാലിയൻ നിഘണ്ടുവിലെ മുഴുവൻ നാമങ്ങളും ഒരു ഭീമൻ സ്ക്രീനിൽ പ്രൊജക്റ്റ് ചെയ്യുന്നു. ഒരു സെക്കൻഡിൽ മിന്നിമായുന്ന വാക്കുകൾ ദൃശ്യമാകും, കാണിക്ക് ഓരോ പദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇൻസ്റ്റല്ലേഷൻ. ഇത് നമ്മുടെ കാഴ്ചയെ പരിമിതപ്പെടുത്തുന്നു, മാനസിക നിയന്ത്രണം തെറ്റിക്കുന്നു.

അമ്മമാരുടെ സ്നേഹത്തിന്റെ ആഴം പല പല കഥകളിലൂടെ ആവിഷ്കരിച്ച അലി ചഹ്രാേറിന്റെ ടോൾഡ് ബൈ മൈ മദർ നാടകത്തിന് രണ്ടാം ദിനവും മികച്ച പ്രതികരണം നേടി.

date