Skip to main content
ക്ലീൻ കേരള കമ്പനിയുടെ പാഴ്വസ്തു ശേഖരണ കലണ്ടറിന്റെ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖിന് നൽകി നിർവഹിക്കുന്നു

പാഴ്വസ്തുശേഖരണത്തിന് കലണ്ടർ; ഫെബ്രുവരിയിൽ ശേഖരിക്കുക തുണി മാലിന്യം

കോട്ടയം: ജില്ലയിലെ പാഴ്വസ്തു ശേഖരണം ഫലപ്രദമായി നടപ്പാക്കാനായി ഈ വർഷത്തെ കലണ്ടർ തയാറായി. കലണ്ടർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ, കണ്ണാടി, കുപ്പി, ചില്ല്, പഴയ ചെരുപ്പ്, ബാഗ് തുണി മാലിന്യം തുടങ്ങിയവ ഹരിതകർമസേന ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഫെബ്രുവരിയിൽ തുണി മാലിന്യമാണ് ശേഖരിക്കുന്നത്.
മാർച്ചിലും ഒക്ടോബറിലും ആപത്കരമായ ഇ മാലിന്യങ്ങളായ ബൾബ്, ട്യൂബ്, പിക്ചർ ട്യൂബ് ഉൾപ്പെടെയുള്ളവയും കണ്ണാടിയുമാണ് ശേഖരിക്കുക. ഏപ്രിലിലും നവംബറിലും ചെരുപ്പ്, ബാഗ്, തെർമോക്കോൾ, തുകൽ, കാർപെറ്റ്, അപ് ഹോൾസ്റ്ററി മാലിന്യവും മെയ്, ഡിസംബർ മാസങ്ങളിൽ കുപ്പി ചില്ലുമാലിന്യവുമാണ് ശേഖരിക്കുന്നത്. ജൂണിൽ ഉപയോഗശൂന്യമായ വാഹന ടയറുകളും ജൂലൈയിൽ ഇ വേസ്റ്റും ഓഗസ്റ്റിൽ പോളി എത്തിലീൻ പ്രിന്റിംഗ് ഷീറ്റ്, സ്‌ക്രാപ്പ് ഇനങ്ങളും സെപ്റ്റംബറിൽ മരുന്ന് സ്ട്രിപ്പുകളും കമ്പനി ശേഖരിക്കും.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ, നവകേരളം കർമ പദ്ധതി, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, കേരള ഖരമാലിന്യ പരിപാലന പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി  നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പാഴ്വസ്തു ശേഖരണ കലണ്ടറിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരന് നൽകി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജൻ, ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.ആർ. അനുപമ, രാധാ വി. നായർ, റെജി എം. ഫിലിപ്പോസ്, ജോസ് പുത്തൻകാലാ, ക്ലീൻ കേരള കമ്പനി മാനേജർ സഞ്ജു വർഗീസ് എന്നിവർ പങ്കെടുത്തു.
കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖിന് നൽകി പ്രകാശനം ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡ് എൺവയോൺമെന്റൽ എൻജിനീയർ ബി. ബിജു, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ, ഹരിതകേരളം സീനിയർ റിസോഴ്സ് പേഴ്സൺ ജെ. അജിത് കുമാർ എന്നിവർ പങ്കെടുത്തു.

date