Skip to main content
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

കോട്ടയം: ജില്ലയിൽ ലൈഫ് ഭവന പദ്ധതിയിൽ 2023-24 വർഷം 1000 വീടുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പദ്ധതി ആസൂത്രണം  ചെയ്യണമെന്ന് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ചു.
 ലൈഫ് ഭവന പദ്ധതിക്ക് സംസ്ഥാനത്തുതന്നെ 2021-22 വർഷം 12 കോടിയിൽ അധികം നീക്കിവെച്ച കോട്ടയം ജില്ലാ പഞ്ചായത്ത് ഈ സാമ്പത്തികവർഷം ഒൻപതുകോടി രൂപ വകയിരുത്തിയിട്ടുളളതാണെന്നു യോഗം വിലയിരുത്തി.
 2023-24 ലെ പദ്ധതിയുടെ കരട് രൂപീകരണം സംബന്ധിച്ച് സർക്കാരിന്റെയും ആസൂത്രണസമിതിയുടെയും നിർദേശങ്ങൾ വികസനസ്ഥിരം കമ്മിറ്റി അധ്യക്ഷ മഞ്ജു സുജിത്ത് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, രാധാ വി. നായർ എന്നിവർ  മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എസ്. പുഷ്പമണി, ജെസി ഷാജൻ, ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. ശരത്ത്, ജോസ് പുത്തൻകാല, ജോസ്‌മോൻ മുണ്ടയ്ക്കൽ, റെജി എം. ഫിലിപ്പോസ്, പി.കെ. വൈശാഖ്, സുധാ കുര്യൻ, പി.ആർ. അനുപമ, ഹൈമി ബോബി, ഹേമലതാ പ്രേം സാഗർ, രാജേഷ് വാളിപ്ലാക്കൽ, ആസൂത്രണ സമിതിയംഗം ജയ്‌സൺ മാന്തോട്ടം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.എൻ. പ്രിയ, വിവിധ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരും അംഗങ്ങളും, വിവിധ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 യോഗത്തിൽ 2023-24 സാമ്പത്തികവർഷം ജില്ലാ പഞ്ചായത്ത് അഭിമുഖീകരിക്കേണ്ട വികസനവിടവുകളെപ്പറ്റിയും പദ്ധതികളുടെ എണ്ണം കുറച്ച് കാര്യക്ഷമമായ നിർവഹണം നടത്തുന്നതിനെപ്പറ്റിയും വിവിധ ഗ്രൂപ്പുകളായി ചർച്ച ചെയ്തു. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളെ ബ്രാൻഡ് ചെയ്ത് ഗ്രാമപഞ്ചായത്ത് തലത്തിൽ വിപണന  ശൃംഖല ആരംഭിക്കുന്നതിന്റെ സാധ്യതകൾ യോഗം  ചർച്ച ചെയ്തു. ജില്ലാ ഇൻക്യുബേഷൻ സെന്റർ ആരംഭിക്കണമെന്നും നിർദേശം ഉയർന്നു.

date