Skip to main content

പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി   മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

    വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി ശനിയാഴ്ച്ച(ഫെബ്രുവരി 11) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു അധ്യക്ഷതവഹിക്കും. ഉച്ചകോടിയില്‍     ഭാരത് ബയോടെക് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയാകും. നാക് ചെയര്‍മാന്‍ ഡോ. ഭൂഷണ്‍ പട് വര്‍ദ്ധന്‍, ആമസോണ്‍ വെബ് സര്‍വീസ് ഹെഡ് ഓഫ് ബിസിനസ് ഡെവലപ്‌മെന്റ് അമിത് മേത്ത തുടങ്ങി 25 വിദഗ്ധരുടെ വിവിധ സെഷനുകളും ചര്‍ച്ചകളും നടക്കും. 

    അസാപിന്റെ(അഡീഷണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം) നേതൃത്വത്തില്‍ നടത്തുന്ന ഉച്ചകോടിയില്‍ നാനൂറിലധികം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും അഞ്ഞൂറോളം അധ്യാപകരും പങ്കെടുക്കും. ഓരോ മേഖലയിലും ഉയര്‍ന്നുവരുന്ന തൊഴിലവസരങ്ങളും തൊഴില്‍മേഖലയിലെ മാറ്റങ്ങളും പുത്തന്‍ സാങ്കേതികവിദ്യകളും മനസിലാക്കുവാനും അതിനനുസരിച്ച് ഭാവി കരുപ്പിടിപ്പിക്കാനും വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ പിന്തുണ നല്‍കും. വിദ്യാര്‍ഥികളുടെ കഴിവുകള്‍ ഇവിടത്തന്നെ പ്രയോജനപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. അതിനുള്ള  അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

    നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനുള്ള അംഗീകാരമായി ദേശീയ അക്രഡിറ്റേഷന്‍ ഏജന്‍സിയായ നാക്(NAAC)ന്റെ ഉയര്‍ന്ന ഗ്രേഡുകള്‍ നമ്മുടെ സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ക്കും ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ സ്വയം തൊഴിലന്വേഷകര്‍ എന്ന നിലയില്‍ നിന്ന് തൊഴില്‍ദാതാക്കളായി മാറ്റുന്നതിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടിയും ഇതിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും നേരിടുന്ന പ്രശ്‌നങ്ങളും പരിമിതികളും പങ്കുവയ്ക്കുന്നതിനുമുള്ള വേദി കൂടിയാണ് ഇത്. കേരളത്തെ പുതിയ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സര്‍വകലാശാലകളും മറ്റു ഏജന്‍സികളും കേന്ദ്രീകരിച്ച് ഗവേഷണങ്ങള്‍ക്കും നൈപുണ്യ വികസനത്തിനും വലിയ പിന്തുണ നല്‍കിവരുന്നു. കേരള സാങ്കേതിക സര്‍വകലാശാലയോട് ചേര്‍ന്ന് ഐഐടി നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രം ആരംഭിക്കും. മഹാത്മാ ഗാന്ധി സര്‍വകലാശാല ഒരു കമ്പനി രൂപീകരിക്കുകയും 35 കോടി രൂപ ചെലവില്‍ ഇന്നോവേഷന്‍ ഇന്‍ക്യൂബേഷന്‍ സെന്റര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ അടക്കം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ പ്രായോഗിക തലത്തില്‍ തൊഴില്‍, സംരംഭക സജ്ജരാക്കാനുള്ള ശ്രമങ്ങളാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്നത്. 

    നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തുടരാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് പ്രാഥമിക പരിഗണന. ഗുണനിലവാരമില്ലാത്ത വിദേശ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

date