Skip to main content

മത്സരയോട്ടം, കേബിൾകെണി, ഓടകൾ – ഗതാഗതമന്ത്രി പങ്കെടുക്കുന്ന യോഗം നാളെ (ഫെബ്രുവരി 14 ചൊവ്വ)

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, പൊതുനിരത്തുകളിലെ അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബില്ലാത്ത ഓടകൾ  എന്നിവ മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്ത് പരിഹാരനടപടികൾക്ക് രൂപം നൽകാ൯ ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുക്കുന്ന സുപ്രധാന യോഗങ്ങൾ നാളെ (ചൊവ്വ) കൊച്ചിയിൽ നടക്കും. മത്സരയോട്ടം ചർച്ച ചെയ്യുന്നതിനുള്ള യോഗം രാവിലെ 10.30ന് കലൂർ ജെ.എൽഎ൯ സ്റ്റേഡിയം മെട്രോ സ്റ്റേഷ൯ മന്ദിരത്തിലെ സി.എസ്.എം.എൽ ബോർഡ് റൂമിലും കേബിൾ സംബന്ധമായ യോഗം ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോൺഫറ൯സ് ഹാളിലുമാണ് ചേരുക.

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്ന സംഭവങ്ങൾ ഹൈക്കോടതിയും സർക്കാരും അതീവ ഗൗരവത്തിലെടുത്തിരിക്കെയാണ് ഗതാഗത മന്ത്രി  കൊച്ചിയിലെത്തി യോഗം ചേരുന്നത്. ബസുടമാസംഘം, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ്,  പോലീസ്, റോഡ് സുരക്ഷാ അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്  എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

പൊതുനിരത്തുകളിലും വശങ്ങളിലുമുള്ള അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബിട്ട് മൂടാത്ത ഓടകൾ, കുഴികൾ എന്നിവ മൂലമുള്ള അപകടസാഹചര്യമാണ് നാളെ ഉച്ചയ്ക്ക് മൂന്ന് കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗം ചർച്ച ചെയ്യുക. പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, ടെലഫോൺ കമ്പനികൾ, വിവിധ ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഏജ൯സികളുടെ ഏകോപനം റോഡ് സുരക്ഷാ  അതോറിറ്റിയുടെ ചുമതലയായതിനാലാണ് അതോറിറ്റി ചെയർമാ൯ കൂടിയായ ഗതാഗതമന്ത്രി യോഗം വിളിച്ചത്. പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിക്കുണ്ട്.

date