Skip to main content

സംസ്ഥാന ക്ഷീര സംഗമം പടവ് 2023 150 സ്റ്റാളുകളുമായി കേരള ഡയറി എക്സ്പോയ്ക്ക് തുടക്കം

സംസ്ഥാന ക്ഷീര സംഗമം പടവ് 2023ന്റെ ഭാഗമായി വെറ്ററിനറി സർവകലാശാല ക്യാമ്പസ്സിൽ ഒരുക്കിയ കേരള ഡയറി എക്സ്പോയ്ക്ക് തുടക്കമായി. ക്ഷീര വികസന, കാർഷിക-കാർഷികേതര ഉത്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങി കൃഷിയും ക്ഷീരവികസനവും പശു പരിപാലനവുമായി ബന്ധപ്പെട്ട നൂറ്റമ്പതോളം സ്റ്റാളുകൾ എക്സ്‌പോയിലുണ്ട്. യന്ത്രവത്കരണത്തെ പ്രോത്സാഹിപ്പിക്കൽ, യന്ത്രസാമഗ്രികളെ പരിചയപ്പെടുത്തൽ, വിവിധ ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും വിപണനവും, മൂല്യവർധിത ഉത്പന്നങ്ങൾക്കുള്ള പ്രോത്സാഹനം, ബാങ്കിങ് - ഇൻഷുറൻസ് - നിയമസഹായ സേവനങ്ങൾ തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് എക്സ്പോ ലക്ഷ്യമിടുന്നത്.

ക്ഷീരവികസന വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ്, കെ എല്‍ ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആറു ദിവസം നീളുന്ന ക്ഷീര സംഗമവും അതോടനുബന്ധിച്ചുള്ള കേരള ഡയറി എക്സ്പോയും സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനവേദിയായ മണ്ണുത്തി വെറ്ററിനറി ക്യാമ്പസ്സിൽ എല്ലാ വൈകുന്നേരവും കലാപരിപാടികൾ അരങ്ങേറും.

ക്ഷീരവികസന, മൃഗസംരക്ഷണ മേഖലകളിൽ വിദേശ സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും ഏറ്റവും ആധുനിക രീതിയിൽ യന്ത്രവത്കരണം സാധ്യമാക്കുകയും ചെയ്ത ക്യാമ്പസ്സിനെ കർഷകർക്കും സംരംഭകർക്കും പരിചയപ്പെടുത്തുന്നതിനായാണ് ഇവിടെ തന്നെ സംസ്ഥാന ക്ഷീര സംഗമം സംഘടിപ്പിച്ചതെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കേരള ഡയറി എക്സ്പോ ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.

പാൽ സംഭരണത്തിൽ സ്വയം  കൈവരിക്കുകയാണ് സർക്കാർ ലക്‌ഷ്യം. തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷീരമേഖലകൾ രണ്ടുമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്ന മാതൃകാ പരിപാടി ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. മാതൃകാപരമായി തീറ്റപ്പുൽ കൃഷി നടത്തുന്ന പ്രദേശങ്ങൾ ജില്ലയിലുണ്ട്. ഇവിടം സന്ദർശിച്ച് പഠനം നടത്തി അനുഭവങ്ങൾ മറ്റിടങ്ങളിൽ എത്തിക്കുകയും തീറ്റപ്പുൽക്കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.  

ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയാണ് കേരള ഡയറി എക്സ്പോ. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ, ഉപകരണങ്ങൾ, ഉല്പാദന ഉപകരണങ്ങൾ തുടങ്ങിയവ കർഷകർക്കും സംരംഭകർക്കും തല്പരരായ ആളുകൾക്കും മനസ്സിലാക്കുന്നതിനും വാങ്ങുന്നതിനും എക്സ്പോ ഉപകരിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, നിയമസഹായ കേന്ദ്രങ്ങൾ തുങ്ങിയവയുടെ സ്റ്റാളുകൾ മേളയിലുണ്ട്. വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ, വിഭവങ്ങൾ എന്നിവ അറിയുന്നതിനും എക്സ്‌പോയിൽ അവസരമുണ്ട്. 20ൽപരം ഭക്ഷ്യസ്റ്റാളുകളും ഉണ്ട്

റവന്യു - ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനായി. വൈവിധ്യങ്ങളുടെ കലവറയാണ് എക്സ്‌പോയെന്ന് മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്ക് കൂടുതൽ അറിവുപകരുന്ന സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പി ബാലചന്ദ്രൻ എം എൽ എ ആശംസകളർപ്പിച്ചു സംസാരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ കൗശിഗൻ ആമുഖപ്രഭാഷണം നടത്തി. എക്സ്പോ കമ്മിറ്റി ചെയർമാൻ എം എസ് പ്രദീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ,  ജനപ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്‌ഘാടന ചടങ്ങിനുശേഷം മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എക്സ്പോയിലെ സ്റ്റാളുകൾ സന്ദർശിച്ചു.

ഞായറാഴ്ച രാവിലെ 10ന് ജനകീയ ക്ഷീര അദാലത്ത് സംഘടിപ്പിക്കും. ഉച്ചക്ക് 2 മണിക്ക് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് സെമിനാറും വൈകിട്ട് 5.30ന് കലാസന്ധ്യ ജയരാജ് വാരിയർ ഉദ്‌ഘാടനം ചെയ്യും. രാത്രി 7.30ന് കൈതോല നാടൻപാട്ടുകൂട്ടത്തിന്റെ കലാപരിപാടിയും അരങ്ങേറും.

date