Skip to main content

ടെമ്പസ്റ്റും ആന്റിഗണിയും അരങ്ങിലെത്തി : വൈവിധ്യത്തിൽ നിറഞ്ഞ് ഏഴാം ദിനം

അന്താരാഷ്ട്ര നാടകോത്സവത്തിൽ നാടക പ്രേമികൾ കാത്തിരുന്ന ടെമ്പസ്റ്റ് നാടകം ഉൾപ്പെടെ ഏഴാം ദിനത്തിൽ അരങ്ങിലെത്തിയത് വൈവിധ്യങ്ങളായ പ്രമേയങ്ങൾ. പീറ്റർ ബ്രൂക്കും മേരി ഹെലൻ എസ്റ്റിയെന്നും ചേർന്ന് സംവിധാനം ചെയ്ത ടെമ്പസ്റ്റ് ആക്ടർ മുരളി തീയേറ്ററിലാണ് അവതരിപ്പിച്ചത്. അധികാരവും അധികാരത്തിന് വേണ്ടിയുള്ള ആഗ്രഹവും ഷേക്സ്പിയർ നാടകങ്ങളിലെ പ്രധാനപ്പെട്ട പ്രമേയങ്ങളിലൊന്നാണ്. ടെമ്പസ്റ്റിലും അത് കാണാം. വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളാണ് ടെമ്പസ്റ്റ്  പ്രൊജക്റ്റിൽ കഥാപാത്രങ്ങളാകുന്നത്. പ്രോസ്പെറോ, മിറാൻഡ, ഫെർഡിനൻഡ്,  ഏരിയൽ, കാലിബൻ എന്നിവരാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

ഫാവോസ് തീയറ്ററിലെത്തിയ ഇടക്കിനി കഥയാരഥത്തിലൂടെ പൗരാണിക കാലം മുതൽ കുടിയേറ്റങ്ങളിൽ കൊല്ലപ്പെടുകയും നാട്ടുദൈവങ്ങളായി മാറുകയും ചെയ്തവർ ശബ്ദമില്ലാത്തവരുടെ ശബ്ദവുമായി നാടക വേദിയിൽ ഉയിർത്തെഴുന്നേറ്റു. തമിഴ്നാട്ടിലെ കോവിൽപട്ടി ആസ്ഥാനമാക്കിയുള്ള സമകാലീന തമിഴ് നാടകസംഘമാണ് മണൽമഗുഡി തീയറ്റർ ലാൻഡ്.

കെ ടി മുഹമ്മദ് തിയേറ്ററിലെത്തിയ ഫ്ളൈയിംഗ് ചാരിയറ്റും ശ്രദ്ധേയമായി. ചരിത്രപരവും രാഷ്ട്രീയവുമായ ചട്ടക്കൂടിലാണ് നാടകകൃത്ത് ഒരു ദുരന്ത പ്രഹസനത്തെ അവതരിപ്പിക്കുന്നത്.  കെട്ടുകഥകളും ഓർമ്മകളും സൃഷ്ടിക്കുന്ന സാങ്കൽപ്പിക രൂപങ്ങളെയും അതിൽ നിറഞ്ഞുനിൽക്കുന്ന ഉപരിതലത്തിലുമാണ് നാടകം. കുമാരനെ വളവൻ ആണ് സംവിധാനം.

കെ ബി സിദ്ധയ്യയുടെ ഇതിഹാസ കാവ്യങ്ങളും കഥകളും ഒത്തുചേരുന്ന പരീക്ഷണ നാടകമാണ് പവലിയൻ തിയേറ്ററിലെത്തിയ ദക്ലകഥ ദേവികാവ്യ. പ്രമുഖ കന്നഡ എഴുത്തുകാരനും ദളിത് സംഘർഷ സമിതിയുടെ സ്ഥാപക-അംഗവുമാമാണ് അദ്ദേഹം. ദളിത് സമൂഹത്തിന്റെ ആന്തരിക ബാഹ്യാനുഭവങ്ങളും ഉൾചേർത്ത്  അവതരിപ്പിക്കുന്നതാണ് ഈ നാടകം. സമത്വ പ്രതിനിധീകരണവും, ജാതി ശ്രേണിയിലെ ലിംഗ അസമത്വത്തെക്കുറിച്ചും,  അടിച്ചമർത്തപ്പെട്ട ജാതി സമൂഹത്തിനുള്ളിലെ തൊട്ടുകൂടായ്മയെ കുറിച്ചും പ്രധാന ചോദ്യങ്ങൾ ഉന്നയിക്കാനും നാടകം പ്രേരിപ്പിക്കുന്നു.

അന്താരാഷ്ട്ര സംവിധായകൻ ഓവല്യാക്കുലി ഖോട്സാക്കുലി സംവിധാനം ചെയ്ത ആന്റിഗണി സ്വേച്ഛാധിപത്യം മൂലം തകർന്ന ഒരു രാജ്യത്തിലെ ഭരണകൂടത്തെ ചെറുത്തുനിൽക്കാൻ ധൈര്യം കാണിച്ച ഒരു കുടുംബത്തിന്റെയും സ്ത്രീയുടെയും കഥയിലേയ്ക്ക് പ്രേക്ഷകരെ ആനയിച്ചു. ഗ്രീക്ക് ദുരന്ത നാടകങ്ങൾ കാലോചിതമായി പുനരവതരിപ്പിക്കുകയാണ് ഇവിടെ. തീവ്രവും സംഘർഷഭരിതവുമായ മുഹൂർത്തങ്ങളാൽ കാണികളെ പിടിച്ചിരുത്തുന്നതായിരുന്നു ആന്റിഗണി. ബ്ലാക്ക് ബോക്സ്‌ തിയറ്ററിലെ പ്രത്യേക രംഗസംവിധാനങ്ങളും കാണികളുമായി  സമ്പർക്കം പുലർത്തുന്ന വേദിയും ആന്റിഗണിക്ക് പ്രേക്ഷകരെ സമ്മാനിച്ചു.

ഇറ്റ്ഫോക്ക് വേദിയിൽ ഇന്ന് (ഫെബ്രുവരി 12)

ബ്ലാക്ക് ബോക്സ് - വൈകിട്ട് 4
ആന്റി ഗോൺ

കെ ടി മുഹമ്മദ് തീയേറ്റർ - വൈകിട്ട് 4
സോവിയറ്റ് സ്റ്റേഷൻ കടവ്

ആക്ടർ മുരളി തീയേറ്റർ - വൈകിട്ട് 7
ടെമ്പസ്റ്റ്

ഫാവോസ് - രാത്രി 8.30
ഡോൺട് ബിലീവ് മീ ഇഫ് ഐ ടോക്ക് ടു യു ഓഫ് വാർ

പവലിയൻ - രാത്രി 8.45
റാഥർ റാഷി

കില - മാസ്റ്റർ ക്ലാസ് - 8 - 12
നീലം മാൻസിംഗ് ചൗധരി

ആർട്ടിസ്റ്റ് സുജാതൻ സീനിക് ഗ്യാലറി
ആർട്ടിസ്റ്റ് ഇൻ കോൺവർസേഷൻ - 11 - 12.30
പ്രഭാഷണം - 2 മുതൽ 3
കെ സച്ചിദാനന്ദൻ : കലാകാരൻ- കലാസൃഷ്ടി  

മ്യൂസിക് ക്രോസ് ഓവർ - വൈകുന്നേരം- 6
ഹിന്ദുസ്ഥാനി സംഗീതം
വോക്കൽ : മൗമിത മിത്ര,
സരോദ് : സായക് ബറുവ
തബല : രത്നശ്രീ അയ്യർ

date