Skip to main content

ലിറ്റില്‍ കൈറ്റ്സ്' ജില്ലാ ക്യാമ്പ് തുടങ്ങി

 

 

 

ബോട്ടിക്സ്, ഐ.ഒ.ടി., ത്രിഡി മോഡലിംഗ് പരിശീലനം

 

ലിറ്റില്‍ കൈറ്റ്സ് വഴി മുഴുവന്‍ കുട്ടികള്‍ക്കും റോബോട്ടിക്സ് പഠനവും പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ മീഡിയാ ലിറ്ററസി പരിപാടി

 

മലപ്പുറം നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഐ.ഒ.ടി., ത്രിഡി മോഡലിംഗ് തുടങ്ങിയവയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പിന് ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങല്‍ സ്കൂളില്‍ തുടക്കമായി. റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് മുഴുവന്‍ ഹൈസ്ക്കൂള്‍ - ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കും അടുത്ത വര്‍ഷം പരിശീലനം നല്‍കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കായി വിപുലമായ ഡിജിറ്റല്‍ മീഡിയാ ലിറ്ററസി പരിപാടിയും ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി നടപ്പാക്കുമെന്ന് ക്യാമ്പ്

ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിനായി ജില്ലയിലെ സ്കൂളുകളില്‍ ലഭ്യമായ 885 റോബോട്ടിക്സ് കിറ്റുകള്‍ പ്രയോജനപ്പെടുത്തും . അതുപോലെ ജില്ലയില്‍ 134216 രക്ഷിതാക്കള്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍, സൈബര്‍ സുരക്ഷ, വ്യാജ വാര്‍ത്തകളെ തിരിച്ചറിയലും പ്രതിരോധിക്കലും തുടങ്ങിയ മേഖലകളില്‍ വിജയകരമായി നടത്തിയ പരിശീലനത്തിന്റെ അനുഭവം ഉള്‍ക്കൊണ്ടാണ് ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിപാടി ലിറ്റില്‍ കൈറ്റ്സിലൂടെ നടപ്പാക്കുക.

 

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് നിര്‍മാണം, ചേയ്സര്‍ എല്‍.ഇ.ഡി., സ്മാര്‍ട്ട് ഡോര്‍ബെല്‍, ആട്ടോമാറ്റിക് ലെവല്‍ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാര്‍ പാനല്‍, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിര്‍മാണവും വിവിധ ആവശ്യങ്ങള്‍ക്ക് ഐ.ഒ.ടി. ഉപകരണങ്ങള്‍ തയ്യാറാക്കലും ക്യാമ്പിന്റെ ഭാഗമായി നടക്കും. വസ്തുക്കളുടെ ത്രിമാന രൂപം കമ്പ്യൂട്ടറില്‍ സൃഷ്ടിക്കുന്ന പരിശീലനവും ക്യാമ്പിലുണ്ട്. ത്രിഡി അനിമേഷന്‍

സോഫ്‍റ്റ്‍വെയറായ ബ്ലെന്‍ഡര്‍ ഉള്‍പ്പെടെ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചാണ് പരിശീലനം.

 

ജില്ലയിലെ 188 പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന6816ലിറ്റില്‍കൈറ്റ്സ് അംഗങ്ങളില്‍ നിന്നും 2008 പേര്‍ സബ്‍ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ നിന്നും തെരഞ്ഞെടുത്ത 108 കുട്ടികളാണ് ഞായറാഴ്ച സമാപിക്കുന്ന ദ്വിദിന സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നതെന്ന് കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ് അറിയിച്ചു. ജില്ലാ ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാം.

 

date