Skip to main content

വിരഹവും വേദനയും പറഞ്ഞ് അവസാന ദിനം: നിറഞ്ഞ സദസിൽ നാടകങ്ങൾ

മരണവും ഒറ്റപ്പെടലും ഉണ്ടാക്കിയ വിരഹവും വേദനയും പറഞ്ഞ് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശീല വീണു. ഇറ്റ്ഫോക്കിന്റെ അവസാന ദിനവും പ്രമേയ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. യൂജെനിയോ ബാർബയുടെ ആവേ മരിയയും ബാഷർ മാർക്കസിന്റെ ഹാഷും രണ്ടാം ദിനവും നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു.

2006ൽ മരിച്ച ചിലിയൻ നടി മരിയ കാനെപയ്ക്കുള്ള സമർപ്പണമായിരുന്നു ബ്ലാക്ക് ബോക്സിലെത്തിയ നടി ജൂലിയ വാർലിയുടെ ആവേ മരിയ. യൂജെനിയോ ബാർബയാണ് സംവിധായൻ. മരണത്തിനെ അതിജീവിച്ചുള്ള യഥാർത്ഥ സ്നേഹവും സൗഹൃദവും ആവേ മരിയയിലൂടെ ജൂലിയ വാർലി കാണിച്ചു. ഒരു നടി മറ്റൊരു നടിയോടുള്ള സ്നേഹ പ്രഖ്യാപനം കൂടിയാണ് ഈ നാടകം.

കെ ടി മുഹമ്മദ് തിയറ്ററിൽ വീണ്ടുമെത്തിയ ഹാഷ് കാണികളെ രംഗകലയുടെ മറ്റു ചില സങ്കേതങ്ങളിലേയ്ക്ക് ആനയിച്ചു. സംവിധായകൻ നാടകത്തെപ്പറ്റി അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് പോലെ ഹാഷ് ഒരു കെണിയായിരുന്നു. ഏകാന്തതയുടെ കെണി. ആ കെണിയിൽ തിയറ്റർ ചുറ്റപ്പെട്ടതോടെ രണ്ടാം ദിനവും ഹാഷ് കൈയടി നേടി.

ഒരു മനുഷ്യൻ, തന്റെ ജീവിതത്തിന്റെ ദിനചര്യയിൽ നഷ്ടപ്പെട്ട് പോകുന്നതും  മറ്റൊരു ജീവിയായി  രൂപാന്തരപ്പെടുന്നുവെന്ന് കണ്ടെത്തുന്നതുമാണ് മെഹദി ഫരാജ്പൂറിന്റെ കാഫ്ക. ആക്ടർ മുരളി തിയേറ്ററിലെത്തിയ നാടകം മനുഷ്യ ജീവിതത്തെ വരച്ചുകാട്ടി. ഫ്രാൻസ് കാഫ്കയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ മെറ്റമോർഫോസിസിന്റെ സ്വതന്ത്ര വ്യാഖ്യാനം ഒരു ദൃശ്യരൂപത്തിൽ അവതരിപ്പിക്കുന്ന നാടകമാണ് കാഫ്ക. ഏകാന്തത, വിശപ്പ്, വേദന എന്നിവയാൽ  മനുഷ്യൻ തന്റെ വ്യക്തിപരവും സാമൂഹികവുമായ ബാധ്യതകൾ നിറവേറ്റുന്നതിന് കഷ്ടപ്പെടുന്നതാണ് നാടകത്തിന്റെ മുഖ്യ പ്രമേയം

date