Skip to main content
അത്താണി - പുതുരുത്തി റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കും; നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

അത്താണി - പുതുരുത്തി റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കും; നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

അത്താണി - പുതുരുത്തി റോഡ് പൂർണ്ണമായും ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിക്കുന്നതിനായി 4.5 കോടി രൂപ അനുവദിച്ച നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ആര്യംപാടം സെൻ്ററിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷനായി.

കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ അത്താണി മെഡിക്കൽ കോളേജ് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുനിന്നും ആരംഭിച്ച് ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാന പാതയിലെ മങ്ങാട് സെൻ്ററിൽ അവസാനിക്കുന്ന റോഡാണ് അത്താണി - പുതുരുത്തി റോഡ്. അത്താണി റെയിൽവേ മേൽപ്പാലം മുതൽ ആര്യംപാടം സെൻ്റർ വരെ 3.3 കിലോമീറ്റർ ദൂരവും, പുതുരുത്തി എൽഐസി ബസ് സ്റ്റോപ്പ് മുതൽ പുതുരുത്തി പള്ളി വരെ 600 മീറ്റർ ദൂരവുമാണ് ഉന്നത നിലാവരത്തിൽ നവീകരിക്കുന്നത്. ഈ 4 കിലോമീറ്ററോളം ബി എം ആൻഡ് ബി സി നിലവാരത്തിൽ ഉയർത്തിക്കഴിഞ്ഞാൽ രണ്ട് സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പൂർണ്ണമായും ഉന്നത നിലവാരത്തിലാകും. എരുമപ്പെട്ടി, മങ്ങാട് പ്രദേശങ്ങളെ മെഡിക്കൽ കോളേജുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.

നിലവിലെ ചിപ്പിങ് കാർപ്പറ്റ് പ്രതലം ബി എം ആൻഡ് ബി സി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ, വളവുകളിലും സ്ഥല ലഭ്യതയുള്ള ഇടങ്ങളിലും ജി എസ് ബി - വെറ്റ്മിക്സ് നിരത്തി വീതികൂട്ടൽ, പുതിയ കലുങ്കുകളുടെ നിർമ്മാണം, നിലവിലുള്ള കലുങ്കുകളുടെ വീതികൂട്ടൽ, 1700 മീറ്ററോളം കാന നിർമ്മാണം, ആവശ്യമായ റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നത്.

വടക്കാഞ്ചേരി മണ്ഡലത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ വലിയ മുന്നേറ്റമാണ് നടന്നുവരുന്നത്. 2022 - 23 ബജറ്റിൽ പ്രഖ്യാപിച്ച മുണ്ടൂർ - കൊട്ടേക്കാട് റോഡ് നവീകരണത്തിന് 11.5 കോടി രൂപയുടെ ഭരണാനുമതി നൽകി പദ്ധതി പ്രവർത്തനം ആരംഭിക്കാനുള്ള നടപടികളിലാണ്. വെളപ്പായ - മെഡിക്കൽ കോളേജ് റോഡ് 1.08 കോടി രൂപയുടെ പ്രവൃത്തിയും പ്രാരംഭ നടപടികളിലാണ്. അവണൂർ റോഡ് നവീകരണത്തിനായി നിവേദനം നൽകിയിട്ടുണ്ട്. ഇതുകൂടി അംഗീകരിക്കുകയാണെങ്കിൽ മെഡിക്കൽ കോളേജുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡുകളെല്ലാം ഉന്നത നിലവാരത്തിലാകും.

റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ - കുറ്റിപ്പുറം റോഡിൽ 214 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തിയാണ് വടക്കാഞ്ചേരി മണ്ഡലത്തിൽ നടക്കുന്നത്. ഇനിയൊരു പ്രളയത്തെയും അതിജീവിക്കാൻ കഴിയുംവിധം ഉന്നത നിലവാരത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഈ സംസ്ഥാന പാതയിലെ കുപ്പിക്കഴുത്തായ അമല റെയിൽവേ മേൽപ്പാലത്തിന് സമാന്തരമായി മേൽപ്പാലം നിർമ്മിക്കുന്ന പ്രവൃത്തി കിഫ്ബി മുഖേന ഏറ്റെടുക്കുമെന്ന് ബജറ്റ് ചർച്ച മറുപടിയിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ചാവക്കാട് - വടക്കാഞ്ചേരി റോഡ്, വേലൂർ - കുറാഞ്ചേരി റോഡ് എന്നീ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണ്. ഈ പാതയിലും, കൊടുങ്ങല്ലൂർ - ഷൊർണൂർ പാതയിലുമായി സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിനും കാന നിർമ്മാണത്തിനും ഒരു കോടി രൂപയിലധികം രൂപ കഴിഞ്ഞ വർഷം അനുവദിച്ചിട്ടുണ്ട്. ഓട്ടുപാറ വാഴാനി റോഡ് ജങ്ഷൻ, കുന്നംകുളം റോഡ് ജങ്ഷനുകളുടെ വികസനം പ്രാരംഭ നടപടികൾക്കായി 2 കോടി രൂപ 2023-24 ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പോന്നോർ - എടക്കളത്തൂർ റോഡ് നവീകരണത്തിന് 2.5 കോടി രൂപ 2023-24 ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 7 കോടി രൂപ അനുവദിച്ചിട്ടുള്ള പുല്ലാനിക്കാട് - പനങ്ങാട്ടുകര - മംഗലം റോഡ് സർവേ നടപടികളിലാണ്. വടക്കാഞ്ചേരി - ഓട്ടുപാറ ടൗണുകളിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായുള്ള ബൃഹദ് പദ്ധതി റെയിൽവേ മേൽപ്പാലത്തിനുള്ള അനുമതിയ്ക്കായി റെയിൽവേയുടെ പരിഗണനയിലാണ്. പീച്ചി - വാഴാനി ടൂറിസം കോറിഡോർ ടെണ്ടർ ചെയ്ത് അനന്തര നടപടികളിലാണ്. തിരൂർ ആട്ടോർ റോഡിൽ വേലുക്കുട്ടി ഗെയ്റ്റ് ഒഴിവാക്കി മേൽപ്പാലം പണിയുന്ന പദ്ധതി സ്ഥലമെടുപ്പ് നടപടികളിലാണ്. കൈപ്പറമ്പ് - പറപ്പൂർ റോഡ്, മുതുവറ - അടാട്ട് റോഡ്, മുതുവറ - അമ്പലങ്കാവ് റോഡ്, അടാട്ട് - ചിറ്റിലപ്പിള്ളി റോഡ് എന്നീ റോഡുകൾ ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു.

നവകേരളത്തിനൊപ്പം പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിച്ച് മുന്നേറ്റത്തിലാണ് വടക്കാഞ്ചേരി മണ്ഡലവുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ആർ അനൂപ് കിഷോർ, ജമീലാബി എ എം, പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ പി ടി ജയ സ്വാഗതവും, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ഐ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

date