Skip to main content

പുതുക്കാട് മണ്ഡലത്തിൽ പൊലിമ രണ്ടാംഘട്ടം 17 ന് തുടങ്ങും

പുതുക്കാട് മണ്ഡലത്തിൽ പൊലിമ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട തൈനടീൽ ഉദ്ഘാടനം ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക്  കാർഷികവികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിക്കുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നന്തിക്കര കൈതവളപ്പിൽ ഗാർഡൻസിൽ നടക്കുന്ന ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് തലത്തിലും നിയോജകമണ്ഡലതലത്തിലും ഒന്ന്, രണ്ട്, മൂന്ന് പുരസ്കാരങ്ങൾ നേടിയ മികച്ച വനിതാ കർഷകരെ ആദരിക്കും. രണ്ടാംഘട്ടത്തിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തി കൃഷി കൂടുതൽ വിസ്തൃതിയിലേക്ക് വ്യാപിപ്പിച്ച് ഉത്പാദനം വർദ്ധിപ്പിക്കും.

പുതുക്കാട് നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട 8 ഗ്രാമപഞ്ചായത്തുകളിലായി കൃഷിവകുപ്പിന്റെയും പദ്ധതിയുടെയും കുടുംബശ്രീ സഹകരണ മിഷന്റെയും ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കിയ പൊലിമ പുതുക്കാട് പദ്ധതിയിലൂടെ 86.7 ഹെക്ടർ സ്ഥലത്തായി 14 ടൺ വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞതായി കെ കെ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. തരിശായിക്കിടന്ന പ്രദേശങ്ങൾ കൃഷിവകുപ്പിന്റെയും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് വെണ്ട, കോളിഫ്ലവർ, തക്കാളി, വഴുതന, പയർ, മുളക്, ചീര തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തു. സ്ഥലപരിമിതിയുള്ള വീടുകളിൽ അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി എന്നിവ പ്രോത്സാഹിപ്പിച്ചു. പ്രദേശത്തെ നാൽപതിനായിരം വനിതകളെ കൃഷിയിലേക്ക് കൊണ്ടുവരാനായി. സ്വന്തം വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾക്കായി സ്വയം പര്യാപ്തത കൈവരിക്കുന്നതിനും, വിട്ടാവശ്യംകഴിഞ്ഞു അധികംവരുന്ന പച്ചക്കറികൾ നാട്ടുചന്ത വഴി വിപണനം നടത്തുന്നതിനും പൊലിമയിലൂടെ കഴിഞ്ഞു. തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികളും രക്ഷാകർത്താക്കളും പൊലിമ പുതുക്കാട് പദ്ധതിയിൽ പങ്കാളികളായത് അഭിമാനകരമാണെന്നും എംഎൽഎ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ കെ അനൂപ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം വി എസ് പ്രിൻസ്, കൊടകര ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഡോ. എസ് സ്വപ്ന എന്നിവരും പങ്കെടുത്തു.

date