Skip to main content

സ്വരാജ് ട്രോഫി: കൂട്ടായ്മയുടെ ഭരണമികവില്‍ മുളന്തുരുത്തിക്ക് ചരിത്ര നേട്ടം

 

2021-2022 ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് മുളന്തുരുത്തി പഞ്ചായത്തിന്. സ്വരാജ് ട്രോഫിയും 20 ലക്ഷം രൂപ അവാര്‍ഡ് തുകയുമാണ് മുളന്തുരുത്തിക്ക് ലഭിക്കുക. തുടര്‍ച്ചയായ ആറാം വര്‍ഷവും സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചയത്തുകളുടെ പട്ടികയില്‍ ഇടം പിടിച്ച മുളന്തുരുത്തിക്ക് ഇത് ചരിത്ര നേട്ടമാണ്.             

ആരോഗ്യ രംഗത്ത് പഞ്ചായത്ത് നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍, ദാരിദ്ര നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍, പാശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍,  വികേന്ദ്രീകൃത ആസൂത്രണത്തില്‍ സംസ്ഥാനത്തിനു മാതൃകയായി നടപ്പാക്കിയ നൂതന പദ്ധതികള്‍,  വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍,  100 ശതമാനം പദ്ധതി ചെലവും,  നികുതിയും പിരിച്ചെടുത്ത ഭരണ മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കാണ്  മുളന്തുരുത്തിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ആയുര്‍വേദ രംഗത്ത് പഞ്ചകര്‍മ്മ പദ്ധതിയും പാലിയേറ്റീവ് കെയര്‍ പദ്ധതികളും മികച്ച രീതിയില്‍ പഞ്ചായത്തില്‍ നടപ്പാക്കിയിരുന്നു.  

പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷിഭേദമില്ലാതെ ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പറഞ്ഞു. ഏറ്റെടുത്ത പദ്ധതികളെല്ലാം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞു. ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. കുടുംബശ്രീ, വയോജന അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. 

തുടര്‍ച്ചയായി ആറാം വര്‍ഷം അവാര്‍ഡുകള്‍ നേടാന്‍ കഴിഞ്ഞത് ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ മികവാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതീഷ് കെ. ദിവാകരന്‍ പറഞ്ഞു. 

എറണാകുളം ജില്ലയിലെ മികച്ച ഒന്നാമത്തെ പഞ്ചായത്ത് രായമംഗലവും രണ്ടാം സ്ഥാനം പാലക്കുഴയുമാണ്. ആകെ മൂന്ന് അവാര്‍ഡുകളാണ് ജില്ലയ്ക്ക് ലഭിച്ചത്. 18 ന് തൃത്താലയില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

date