Skip to main content

ജി.എസ്.ടി നഷ്ടപരിഹാരത്തിനുള്ള സമയപരിധി ദീർഘിപ്പിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ

പ്രകൃതിദുരന്തങ്ങളും കൊവിഡ് മഹാമാരിയും ഉണ്ടാക്കിയ നികുതി നഷ്ടം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ജി.എസ്.ടി നഷ്ടപരിഹാരത്തിനുളള സമയ പരിധി ദീർഘിപ്പിക്കണമെന്നതാണ്‌ കേരളത്തിന്റെ ആവശ്യമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന് ജി.എസ്.ടി കുടിശ്ശികയായി കേന്ദ്രം 750 കോടി രൂപയാണ് നൽകാനുള്ളത്. സംസ്ഥാനത്തിന് ലഭിക്കാനുള്ള ജി.എസ്.ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്രസർക്കാരും തമ്മിൽ നിലവിൽ തർക്കങ്ങളില്ല.

ജി.എസ്.ടി ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവുണ്ടായി. 2022 ജൂൺ 30ന് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിന് 12,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം കൃത്യമായി ലഭിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം 1.925% ആയി കുറച്ചതിലൂടെ കേരളത്തിന് 18,000 കോടി രൂപയോളം കുറവുണ്ടായി. ജി.എസ്.ടി കണക്കുകളെല്ലാം കേരളം കൃത്യമായി സമർപ്പിക്കുന്നുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകളും ശരിയായി നടക്കുന്നു. കേരളത്തിനർഹമായ സാമ്പത്തിക വിഹിതം അനുവദിച്ചു കിട്ടുന്നതിന്  കക്ഷി രാഷ്ട്രീയ ഭേദമന്യേ നിലപാടു സ്വീകരിക്കണമെന്നതാണ് സർക്കാർ നിലപാട്. നികുതി വരുമാനം കൂടുതൽ കാര്യക്ഷമമാക്കി പരമാവധി വരുമാനം കണ്ടെത്തുന്നതിനുള്ള ഊർജിതമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 836/2023

date